| Wednesday, 12th May 2021, 6:45 pm

ഗ്യാലറി മുഴുവന്‍ ഫലസ്തീന്‍ പതാക; ഐക്യദാര്‍ഢ്യത്തിന്റെ പുതിയ മാതൃകയുമായി സ്‌കോട്ട്ലാന്റിയന്‍ ക്ലബ്ബ് സെല്‍റ്റിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സെല്‍റ്റിക്ക്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും ഗാസയിലും തുടരുന്ന ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്‌കോട്ട്ലാന്റിയന്‍ ക്ലബ്ബായ സെല്‍റ്റിക്കിന്റെ ആരാധകര്‍. ടീമിന്റെ ഔദ്യോഗിക സ്‌റ്റേഡിയത്തിലെ

ഗാലറിയില്‍ പതാക സ്ഥാപിച്ചതിന്റെ ചിത്രം ആരാധക കൂട്ടായ്മയായ നോര്‍ത്ത് കര്‍വ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

സ്‌കോട്ടിഷ് ലീഗില്‍ അടുത്ത മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ ഫലസ്തീന്‍ പതാകകള്‍ ഉണ്ടാകുമെന്ന് നോര്‍ത്ത് കര്‍വ് സെല്‍റ്റിക് അറിയിച്ചു. സെല്‍റ്റിക് ക്ലബ്ബും ആരാധകരും എക്കാലവും ഫലസ്തീനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് നോര്‍ത്ത് കര്‍വ് ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള മത്സരങ്ങളില്‍ ക്ലബ്ബിന്റെ ഫലസ്തീന്‍ പതാകയുമായി ആരാധകര്‍ ഗാലറിയിലെത്തിയിരുന്നു. 2016ല്‍ ചട്ടങ്ങള്‍ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഫലസ്തീന്‍ പതാകയേന്തിയ ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചതിന് സെല്‍റ്റിക്കിന് യുവേഫ 10000 യൂറോ പിഴശിക്ഷ വിധിച്ചിരുന്നു.

അതേസമയം, ഫലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് രംഗത്തെത്തിയിരുന്നു. ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടുള്‍പ്പടെയാണ് താരം സഹായം തേടിയത്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മസ്ജിദുല്‍ അഖ്‌സ പരിസരത്തു നിന്ന് ഇസ്രാഈല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനിയന്‍ സംഘമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി അടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Scottish club Celtic in solidarity with  Palestine

We use cookies to give you the best possible experience. Learn more