| Monday, 14th May 2012, 10:25 am

യാഹൂ തലവന്‍ സ്‌കോട്ട് തോംസണ്‍ സ്ഥാനമൊഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: യാഹൂ തലവന്‍ സ്‌കോട്ട് തോംസണ്‍ സ്ഥാനമൊഴിഞ്ഞു. യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ തോംസണിന്റെ വിദ്യാഭ്യാസ രേഖകളില്‍ തട്ടിപ്പ് നടത്തിയതായുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് രാജി.

മൂന്നുവര്‍ഷത്തിനിടെ മൂന്നാമത്തെ ആളാണ് യാഹൂവിന്റെ ടോപ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്നും പുറത്തുപോകുന്നത്.തോംസണിന്റെ ഒഴിവില്‍ റോസ് ലെവിന്‍സണിനെ യാഹൂ താത്കാലിക സി.ഇ.ഒ ആയി നിയമിച്ചു.

തോംസണ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി ഇല്ലെന്നും സ്‌റ്റോണ്‍ഹില്‍ കോളേജില്‍ അക്കൗണ്ടിംഗില്‍ ബാച്ചിലര്‍ ഡിഗ്രിയായിരുന്നു സ്‌കോട്ടിനുണ്ടായിരുന്നെതെന്നുമാണ് ആരോപണം. ഇതു യാഹൂ അംഗീകരിക്കുകയും ചെയ്തിരുന്നു.

യാഹൂ ഫണ്ട് മാനേജര്‍ ഡാനിയല്‍ ല്യോബ് ആണ് തോംസന്റെ വിദ്യാഭ്യാസ രേഖകളെ കുറിച്ച് സംശയമുന്നയിച്ചത്. ഇദ്ദേഹം യാഹൂവിന്റെ ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ ഒരാള്‍ ആണ്.

ജനുവരിയിലാണ് സ്‌കോട്ട് തോംസണ്‍ യാഹൂ സി.ഇ.ഒയായി ചുമതലയേറ്റത്. കരോള്‍ ബാര്‍ട്‌സിനെ കമ്പനി പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു തോംസണിനെ നിയമിച്ചത്.

ഇതിനിടെയാണ് യാഹൂവില്‍ 5.8 ശതമാനം ഓഹരിയുള്ള തേഡ് പോയിന്റ് കമ്പനി മേധാവി ഡാന്‍ ലോയബ തോംസണിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഓഹരിഉടമകളില്‍ ഒരു വിഭാഗം തോംസണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തോംസണ്‍ പുറത്തുപോയ സാഹചര്യത്തില്‍ അഭിപ്രായവോട്ടെടുപ്പിലൂടെ പുതിയ തലവനെ തിരഞ്ഞെടുക്കുമെന്ന് യാഹൂ വൃത്തങ്ങള്‍ അറിയിച്ചു. ഗൂഗിള്‍ ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുമായുള്ള കിടമത്സരത്തിനിടെയുള്ള ഈ പ്രതിസന്ധി യാഹൂവിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

We use cookies to give you the best possible experience. Learn more