| Saturday, 7th September 2024, 8:07 pm

ഡക്കാന്‍ ചാര്‍ജേഴ്‌സില്‍ കണ്ട അതേ പയ്യനാണ് ഇന്നും അവന്‍; വമ്പന്‍ പ്രസ്താവനയുമായി സ്‌കോട്ട് സ്‌റ്റൈറിസ്

സ്പോര്‍ട്സ് ഡെസ്‌ക്

2008ലാണ് ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തുടങ്ങുന്നത്. അന്ന് പോയിന്റ് ടേബിളില്‍ അവസാനമായി ഫിനിഷ് ചെയ്തത് ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു. ന്യൂസിലാന്‍ഡിന്റെ സ്‌കോട്ട് സ്‌റ്റൈറിസ്, ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ടീമില്‍ ഉണ്ടായിരുന്നു. അന്ന് 20 വയസ് പ്രായമുള്ള ഒരു പയ്യനും ടീമില്‍ ഉണ്ടായിരുന്നു. ഇന്ന് ലോക ക്രിക്കറ്റില്‍ എതിരാളികളുടെ പേടിസ്വപ്നമായ രോഹിത് ശര്‍മയായിരുന്നു അത്.

അന്ന് ഉദ്ഘാടന സീസണില്‍ ഡെക്കാന്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്തപ്പോള്‍ 2009ലെ സീസണില്‍ കിരീടം നേടിയാണ് ടീം ഐ.പി.എല്ലിലേക്ക് വരവ് അറിയിച്ചത്. അന്ന് രോഹിത് ശര്‍മ എങ്ങനെയായിരുന്നോ, ഇന്നും അതുപോലെ തന്നെയാണെന്ന് പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരവും ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ അംഗവുമായ സ്‌കോട്ട് സ്‌റ്റൈറിസ് പറയുന്നത്.

‘2008ലാണ് ടീം മേറ്റ് എന്ന നിലയില്‍ രോഹിത് ശര്‍മയോടൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ ഞങ്ങളോടൊപ്പം അവനും ഉണ്ടായിരുന്നു. ആ സമയത്ത് അവന് 19 – 20 വയസായിരുന്നു. പയ്യന്‍ ആയിരുന്നെങ്കിലും അവന്‍ സ്‌പെഷ്യല്‍ ആയിരുന്നു. പിന്നീട് ശ്രീലങ്കയില്‍ ഞാന്‍ ഇന്ത്യയുടെ കമന്റേറ്ററിങ്ങിന് വന്നപ്പോള്‍ രോഹിത് അന്നു കണ്ട അതേ പയ്യനേപ്പോലെ തന്നെയായിരുന്നു.

ആദ്യവര്‍ഷം തന്നെ ഞങ്ങള്‍ വിജയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ അവസാനമായിട്ടാണ് ഫിനിഷ് ചെയ്തത് ഐ.പി.എല്ലിലെ ആദ്യത്തെ സീസണില്‍ ഞങ്ങള്‍ക്ക് മികച്ച ബാലന്‍സ് ഇല്ലായിരുന്നു. ടീമില്‍ ഒരുപാട് വലിയ പേരുകള്‍ ഉണ്ടായിരുന്നെങ്കിലും നാല് ഓവര്‍സീസ് കളിക്കാരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ,’ സ്‌കോട്ട് പറഞ്ഞു.

ഐ.പി.എല്ലില്‍ ഇതുവരെ 257 മത്സരത്തില്‍ നിന്നും 6628 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. അതില്‍ 109 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 131.14 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ട് സെഞ്ച്വറികളും 43 അര്‍ധസെഞ്ച്വറികളും രോഹിത് നേടിയിട്ടുണ്ട്.

നിലവില്‍ മുംബൈ ഇന്ത്യന്‍സില്‍ ആണ് രോഹിത് ശര്‍മ. ടീമിനുവേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ മാനേജ്‌മെന്റ് വമ്പന്‍ തുകയ്ക്ക് ടീമില്‍ ക്യപ്റ്റ്‌റനായി എത്തിച്ചിരുന്നു.

ഇതോടെ മുംബൈ ഇന്ത്യന്‍സുമായി രോഹിത് ശര്‍മയ്ക്ക് മുന്നോട്ടുപോകാന്‍ താത്പര്യമില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇനി 2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ എന്തെല്ലാം സംഭവിക്കും എന്നത് കണ്ടറിയേണ്ടതാണ്.

Content Highlight: Scott Styris Talking About Rohit Sharma

We use cookies to give you the best possible experience. Learn more