'എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ 'സഞ്ജുവിന്റെ വജ്രായുധത്തെ' കണ്ടുപഠിക്കണം'
IPL
'എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ 'സഞ്ജുവിന്റെ വജ്രായുധത്തെ' കണ്ടുപഠിക്കണം'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th May 2023, 5:45 pm

കഴിഞ്ഞ സീസണിലേതെന്ന പോലെ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ് മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത് ശര്‍മ. കഴിഞ്ഞ രണ്ട് മത്സരത്തിലും തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായാണ് താരം ടീമിന് ബാധ്യതയാകുന്നത്.

സീസണില്‍ ഇതുവരെ പത്ത് മത്സരം കളിച്ച രോഹിത് ആകെ നേടിയത് 184 റണ്‍സാണ്. 126.89 എന്ന സ്‌ട്രൈക്ക് റേറ്റിലും 18.40 എന്ന മോശം ശരാശരിയിലുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ റണ്‍സ് നേടുന്നത്.

എന്നാല്‍ രോഹിത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറില്‍ നിന്നും ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് പറയുകയാണ് ന്യൂസിലാന്‍ഡ് ഇതിഹാസ താരവും മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടറുമായിരുന്ന സ്‌കോട് സ്‌റ്റൈറിസ്. ബട്‌ലറിന്റെ കഴിഞ്ഞ ദിവസത്തെ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെയാണ് സ്റ്റൈറിസ് ഇക്കാര്യം പറഞ്ഞത്.

 

ജിയോ സിനിമിയിലൂടെയായിരുന്നു രോഹിത് ബട്‌ലറിന്റെ കളിരീതിയവലംബിക്കണമെന്ന് സ്‌കോട് സ്‌റ്റൈറിസ് നിര്‍ദേശിച്ചത്.

‘ജോസ് ബട്‌ലറിനെ കുറിച്ച് സംസാരിക്കുമ്പോള്‍, സ്ലോ സ്റ്റാര്‍ട്ടിന് ശേഷവും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുന്ന, മികച്ച രീതിയില്‍ റണ്‍ ഉയര്‍ത്താന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. രോഹിത് ശര്‍മ ജോസ് ബട്‌ലറിന്റെ ഈ രീതി അവലംബിക്കണമെന്ന് കുറച്ച് മത്സരങ്ങളിലായി നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള ഇന്നിങ്‌സാണ് രോഹിത് കളിക്കാന്‍ ശ്രമിക്കേണ്ടത്. ആദ്യ 20 പന്തുകള്‍ നേരിട്ട ശേഷം ഗിയര്‍ മാറ്റുകയാണ് രോഹിത് ചെയ്യേണ്ടത്. രോഹിത് ശര്‍മ ജോസ് ബട്‌ലറിനെ പോലെ കഴിവുള്ള താരമാണ്. രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലര്‍ പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്തു,’ സ്റ്റൈറിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ജോസ് ബട്‌ലറിന്റെ പ്രകടനം ചര്‍ച്ചയായിരുന്നു. ഒരുവേള 20 പന്തില്‍ 20 എന്ന നിലയില്‍ ക്രീസില്‍ നങ്കൂരമിട്ട് കളിച്ച ജോസ് ബട്‌ലര്‍ പിന്നീടങ്ങോട്ട് തന്റെ ഗെയിം പ്ലാന്‍ തന്നെ പൊളിച്ചെഴുതുകയായിരുന്നു.

 

59 പന്തില്‍ നിന്നും 95 റണ്‍സ് നേടിയാണ് താരം പുറത്തായത്. പത്ത് ബൗണ്ടറിയും നാല് സിക്‌സറുമാണ് ബട്‌ലറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 161.02 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് സ്വന്തമാക്കിയത്. സീസണില്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്.

11 മത്സരത്തില്‍ നിന്നും 35.64 എന്ന ശരാശരിയില്‍ 392 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ കാണുന്നതെങ്കിലും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ആരാധകര്‍ ബട്‌ലറില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

 

Content Highlight: Scott Styris says Rohit Sharma should adapt batting style of Jos Buttler