| Saturday, 8th April 2023, 11:12 am

തന്റെ പൊസിഷനിൽ വേറെ പ്ലെയർ വന്നാൽ ക്ലബ്ബ് വിടും; മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭീഷണിയുമായി സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായിട്ടേറ്റ പരാജയങ്ങൾക്കും തിരിച്ചടികൾക്കുമൊടുവിൽ പഴയ ട്രാക്കിലേക്ക് തിരികേയെത്തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

സീസണിന്റെ തുടക്കത്തിൽ തിരിച്ചടിയേറ്റിരുന്നെങ്കിലും ക്ലബ്ബ് പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിൽ പതിയെ താളം കണ്ടെത്തുകയായിരുന്നു.
നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിച്ചിട്ടുള്ള ക്ലബ്ബിന് തിരിച്ചടിയാകുന്ന ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

തന്റെ പൊസിഷനിലേക്ക് ഏതെങ്കിലും താരത്തെ സൈൻ ചെയ്യുകയാണെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന് യുണൈറ്റഡിന്റെ സ്കോട്ടിഷ് മധ്യനിര താരമായിരുന്ന മക്ടൊമിനായ് അറിയിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഫുട്ബോൾ ഇൻസൈഡറാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡിൽ ശ്രദ്ധേയമായ സാന്നിധ്യമാവാൻ മക്ടൊമിനായ്ക്ക് സാധിക്കുന്നില്ല.

ക്ലബ്ബിന്റെ ദീർഘ നാളായുള്ള പ്രശ്നമായ മധ്യനിരയിൽ ഉണ്ടാകുന്ന വിള്ളലിനേയും എതിരാളികൾക്ക് കളിക്കാൻ സ്പേസ് ലഭിക്കുന്നതിനേയും ഒരു പരിധി വരെ തടയാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 30 മത്സരങ്ങളിൽ യുണൈറ്റഡ് ജേഴ്സിയിലിറങ്ങിയ മക്ടൊമിനായ് ഈ സീസണിൽ തനിക്ക് ആവശ്യത്തിന് പരിഗണന ടീമിൽ ലഭിക്കുന്നില്ല എന്നതിൽ നിരാശയിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ കളി പഠിച്ച യുണൈറ്റഡ് അക്കാദമി ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ 2017ലാണ് സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടത്.

യുണൈറ്റഡ്‌ ജേഴ്സിയിൽ മൊത്തം 204 മത്സരങ്ങൾ കളിച്ച താരം മൊത്തം 18 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ക്ലബ്ബിനായി സ്വന്തമാക്കിയത്. കൂടാതെ യുണൈറ്റഡ് ജേഴ്സിയിൽ അണ്ടർ 21 പ്രീമിയർ ലീഗ് കിരീടവും കരബാവോ കപ്പും മക്ടൊമിനായ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 28 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഏപ്രിൽ എട്ടിന് എവർട്ടണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം.

Content  Highlights:Scott McTominay wants to leave man united this summer if they sign a new player in his position

We use cookies to give you the best possible experience. Learn more