അവസാന ഒമ്പത് ഓവറില്‍ അടിച്ചെടുത്തത് 109 റണ്‍സ്; ക്യാപ്റ്റനെന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്
icc world cup
അവസാന ഒമ്പത് ഓവറില്‍ അടിച്ചെടുത്തത് 109 റണ്‍സ്; ക്യാപ്റ്റനെന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th October 2023, 8:18 pm

2023 ലോകകപ്പിലെ ആദ്യ ജയം തേടിയാണ് നെതര്‍ലന്‍ഡ്‌സ് ധര്‍മശാലയിലേക്കിറങ്ങിയത്. കരുത്താരായ സൗത്ത് ആഫ്രിക്കയെയാണ് നെതര്‍ലന്‍ഡ്‌സ് നേരിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഡച്ച് പടയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അത്രകണ്ട് മികച്ച തുടക്കമല്ല നെതര്‍ലന്‍ഡ്‌സിന് ലഭിച്ചത്. ഓപ്പണര്‍ വിക്രംജീത് സിങ്ങിനെ രണ്ട് റണ്‍സിന് പുറത്താക്കിയാണ് സൗത്ത് ആഫ്രിക്ക തുടങ്ങിയത്.

പിന്നാലെ മാക്‌സ് ഔ ഡൗഡും കോളിന്‍ അക്കര്‍മാനും ബാസ് ഡി ലീഡും കൂടാരം കയറിയിരുന്നു. 50 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് ഓര്‍ഡര്‍ കാലിടറി വീണത്. തുടര്‍ന്നും കൃത്യമായി ഇടവേളകളില്‍ പ്രോട്ടീസ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ ഓറഞ്ച് ആര്‍മി പണിപ്പെടുന്ന വേളയിലാണ് ഏഴാമനായി ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് കളത്തിലിറങ്ങിയത്.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ടീമിനെ താരം സ്വയം തോളിലേറ്റുകയായിരുന്നു. ഒരുവശത്ത് സൗത്ത് ആഫ്രിക്ക എറിഞ്ഞ് തകര്‍ക്കിമ്പോഴും മറുവശത്ത് എഡ്വാര്‍ഡ്‌സ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധിച്ചു.

 

നെതര്‍ലന്‍ഡ്‌സിനെ ഒന്നാകെ വിറപ്പിച്ച പ്രോട്ടീസ് ബൗളര്‍മാര്‍ അവരുടെ ക്യാപ്റ്റന് മുമ്പില്‍ കളി മറന്നു. 69 പന്തില്‍ പത്ത് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 78 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

എഡ്‌വാര്‍ഡിസിനൊപ്പം ഒമ്പതാം നമ്പറില്‍ ഇറങ്ങിയ വാന്‍ ഡെര്‍ മെര്‍വും പത്താം നമ്പറില്‍ ഇറങ്ങിയ ആര്യന്‍ ദത്തും തകര്‍ത്തടിച്ചു.

മെര്‍വ് 19 പന്തില്‍ 29 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒമ്പത് പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് ആര്യന്‍ ദത്ത് സ്വന്തമാക്കിയത്. മൂന്ന് സിക്‌സറാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

പ്രോട്ടീസ് നിരയിലെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് മൂന്ന് സിക്‌സര്‍ നേടിയപ്പോഴാണ് പത്താം നമ്പറില്‍ ഇറങ്ങിയ ആര്യന്‍ ദത്ത് ആരാധകരെ ഞെട്ടിച്ചത്.

മൂവരും ചേര്‍ന്ന് അവസാന ഒമ്പത് ഓവറില്‍ 109 റണ്‍സാണ് അടിച്ചെടുത്തത്.

മഴമൂലം ഓവറുകള്‍ വെട്ടിച്ചരുക്കിയ മത്സരത്തില്‍ 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നെതര്‍ലന്‍ഡ്‌സ് നേടിയത്. ഇവരുടെ ഇന്നിങ്‌സിന് പുറമെ എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 32 റണ്‍സും ടീം ടോട്ടലില്‍ നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കക്കായി മാര്‍കോ യാന്‍സെന്‍, കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജും ജെറാള്‍ഡ് കോട്‌സിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content highlight: Scott Edward’s brilliant batting performance against South Africa