ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ താളം കണ്ടെത്താന്‍ പാടുപെടുകയാണ്. ഓസീസ് ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിവസത്തിന്റെ തുടക്കത്തിലേ പ്രഹരമേറ്റിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത്തിന്റെ വിക്കറ്റിന്റെ രൂപത്തിലാണ് ഓസീസ് ഇന്ത്യയെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടത്.
മൂന്നാം ദിവസം നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ഭരത് പുറത്തായത്. 15 പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് ഭരത് മടങ്ങുന്നത്. ഓസീസിന്റെ സ്റ്റാര്‍ പേസര്‍ സ്‌കോട് ബൗളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഭരത് പുറത്തായത്.
ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതിന് പിന്നാലെ അമ്പരപ്പായിരുന്നു ഭരത്തിന്റെ മുഖത്തുണ്ടായിരുന്നത്. ടീം സ്‌കോര്‍ 152ല്‍ നില്‍ക്കവെയാണ് ഭരത് പുറത്താകുന്നത്.
എന്നാല്‍ മൂന്നാം ദിവസത്തില്‍ മറ്റൊരു മാജിക്കിനാണ് ഓവല്‍ സാക്ഷിയായത്. കത്തിത്തീര്‍ന്നെന്ന് ആരാധകര്‍ പോലും എഴുതിത്തള്ളിയ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയുടെ ചെറുത്ത് നില്‍പാണ് ഇന്ത്യക്ക് ആശ്വാസമാകുന്നത്.
ഫോളോ ഓണ്‍ ഭീതിയില്‍ നിന്നുമാണ് രഹാനെ ഇന്ത്യയെ കരകയറ്റിയിരിക്കുന്നത്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് പത്ത് റണ്‍സ് കൂടി നേടിയാല്‍ മതി.
അര്‍ധ സെഞ്ച്വറി തികച്ച രഹാനെയുടെ കരുത്തിലാണ് ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്. 71 പന്തില്‍ നിന്നും 29 എന്ന നിലയില്‍ കളി തുടര്‍ന്ന രഹാനെ തുടര്‍ന്നങ്ങോട്ട് ഗിയര്‍ മാറ്റുകയായിരുന്നു. ഓസീസ് ബൗളര്‍മാരെ അറ്റാക് ചെയ്ത് രഹാനെ സ്‌കോര്‍ ഉയര്‍ത്തി.
നിലവില്‍ 60 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 260ന് ആറ് എന്ന നിലയിലാണ്. രഹാനെക്കൊപ്പം 83 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.