ഓസ്‌ട്രേലിയയുടെ സ്‌കോട്‌ലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ ലോക റെക്കോഡുമായി ഓസ്‌ട്രേലിയ. ദി ഗ്രാന്‍ജ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ടിഷ് ബൗളര്‍മാരെ ഒരു ദയവും കാണിക്കാതെ അടിച്ചുകൂട്ടിയാണ് കങ്കാരുക്കള്‍ ലോക റെക്കോഡിലേക്ക് ഓടിയടുത്തത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
155 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ ബ്രോണ്‍സ് ഡക്കാക്കി ബ്രാന്‍ഡന്‍ മാക്മുള്ളന്‍ മടക്കി.
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് തകര്‍ത്തടിച്ചു.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി വെടിക്കെട്ട് നടത്തിയ അതേ ഹെഡിനെയാണ് ആരാധകര്‍ ഗ്രാന്‍ജ് പാര്‍ക്കിലും കണ്ടത്. ഒരു വശത്ത് നിന്നും ഹെഡ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് നിന്ന് മാര്‍ഷും തന്റെ ജോലി ഗംഭീരമാക്കി.
ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകളും ഫോറും പിറന്നപ്പോള്‍ ആദ്യ ആറ് ഓവറില്‍ 113 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും കങ്കാരുക്കള്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന നേട്ടവുമായാണ് ഹെഡും മാര്‍ഷും ഓസീസിനൊപ്പം തലയുയര്‍ത്തി നിന്നത്.
ഈ വെടിക്കെട്ടിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു. ‘ഈ വെടിക്കെട്ട് വെസ്റ്റ് ഇന്‍ഡീസില്‍ നടത്തിയിരുന്നെങ്കില്‍ രണ്ടാം ടി-20 ലോകകപ്പ് ഓസീസ് കൊണ്ടുപോയേനെ’, ‘ഭ്രാന്തായാല്‍ ചങ്ങലക്കിടണം, അല്ലാതെ ബാറ്റും കൊടുത്ത് ക്രീസില്‍ ഇറക്കി വിടരുത്’, ബൗളര്‍മാരെ അല്‍പമെങ്കിലും ബഹുമാനിച്ചൂടേ’ എന്നെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ അധികം വൈകാതെ ഇരുവരും പുറത്തായി. ഹെഡ് 25 പന്തില്‍ 80 റണ്‍സ് നേടി പുറത്തായി. അഞ്ച് സിക്‌സറും 12 ബൗണ്ടറിയുമാണ് തലയുടെ വിളയാട്ടത്തില്‍ ഉണ്ടായിരുന്നത്.