ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ ഇസ്രഈലുമായി ഇനിയൊരു കൂടിക്കാഴ്ചയില്ല; മാപ്പ് പറഞ്ഞ് സ്‌കോട്ടിഷ് വിദേശകാര്യ സെക്രട്ടറി
World
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ ഇസ്രഈലുമായി ഇനിയൊരു കൂടിക്കാഴ്ചയില്ല; മാപ്പ് പറഞ്ഞ് സ്‌കോട്ടിഷ് വിദേശകാര്യ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 2:24 pm

എഡിന്‍ബര്‍ഗ്: ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് ഒരു അവസാനം ഉണ്ടാകുന്നതുവരെ ഇസ്രഈലുമായി തങ്ങള്‍ ഇനിയൊരു കൂടിക്കാഴ്ച നടത്തില്ലെന്ന് സ്‌കോട്‌ലന്‍ഡ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്‌സണ്‍.

ഗസയെ സമാധാനത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഒരു പുരോഗതി ഉണ്ടാകുന്നതുവരെ ഇസ്രഈല്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചതായി സ്‌കോട്ട്‌ലന്‍ഡ് അറിയിച്ചു.

ഈ മാസമാദ്യം സ്‌കോട്ടിഷ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്സണും ഇസ്രഈല്‍ നയതന്ത്രജ്ഞനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

രണ്ടാഴ്ച മുമ്പ് യു.കെയിലെ ഇസ്രഈലിന്റെ ഡെപ്യൂട്ടി അംബാസഡര്‍ ഡാനിയേല ഗ്രുഡ്സ്‌കി എക്സ്‌സൈറ്റുമായി കൂടിക്കാഴ്ച നടത്തിയതില്‍ റോബര്‍ട്ട്സണ്‍ മാപ്പുപറയുകയും ചെയ്തു.

ആ കൂടിക്കാഴ്ച ഒരിക്കലും ഇസ്രഈല്‍-സ്‌കോട്ടിഷ് സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എക്സ്റ്റീനാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്നും റോബര്‍ട്ട്സണ്‍ പറഞ്ഞു.

ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പില്‍ വരേണ്ടതുണ്ടെന്നും അതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സ്‌കോട്ട്‌ലന്‍ഡിന്റെ നിലപാട് പ്രകടിപ്പിക്കാനുള്ള ഒരു അവസരമായാണ് അന്നത്തെ കൂടിക്കാഴ്ചയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതായിരുന്നില്ല ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഗസയില്‍ ഞങ്ങള്‍ കണ്ട അതിക്രമങ്ങളെ അസന്ദിഗ്ധമായി അപലപിക്കുകയാണ്. ഗസ വിഷയത്തില്‍ സ്‌കോട്ടിഷ് സര്‍ക്കാരിനുള്ള നിലപാടില്‍ ഒരു വ്യത്യാസവുമില്ല. ഗസയില്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

‘മുന്നോട്ടുള്ള യാത്രയില്‍ അത് വ്യക്തമാണ്. സമാധാനം കൈവരണമെങ്കില്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റമുണ്ടാകണം. അതുവരെ അവരുടെ ക്ഷണം സ്വീകരിക്കുന്നത് ഉചിതമല്ല,’ അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ അംബാസിഡറുമായുള്ള കൂടിക്കാഴ്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്ന് റോബര്‍ട്ട്‌സണ്‍ വിമര്‍ശനം നേരിട്ടിരുന്നു. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം പാര്‍ട്ടിക്ക് ബാധ്യതയായെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യു.കെയും ഗസയിലെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അടുത്തിടെ ഇസ്രഈലും അധിനിവേശ ഫലസ്തീനിയന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു.

ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഇസ്രഈല്‍ കാറ്റ്‌സിനെയും പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlight: Scotland suspends meetings with Israel