ഇസ്രഈലിനെ ആയുധമാക്കുന്നത് യു.കെ സര്‍ക്കാര്‍ അവസാനിപ്പിക്കണം: സ്‌കോട്ട്‌ലാന്‍ഡ് മന്ത്രി
World News
ഇസ്രഈലിനെ ആയുധമാക്കുന്നത് യു.കെ സര്‍ക്കാര്‍ അവസാനിപ്പിക്കണം: സ്‌കോട്ട്‌ലാന്‍ഡ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 10:01 pm

എഡിന്‍ബര്‍ഗ്: ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് സ്‌കോട്ട്‌ലാന്‍ഡ് മന്ത്രി ഹംസ യൂസഫ്.

ദശലക്ഷം ജനങ്ങളെ അപകടത്തിലാക്കുന്ന ഗസയിലെ ആക്രമണങ്ങള്‍ക്കായി ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് യു.കെ സര്‍ക്കാരിനോട് ഹംസ യൂസഫ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹംസ യൂസഫ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ഇസ്രഈലിനെ ആയുധമാക്കുന്നത് യു.കെ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് കൂടിയായ യൂസഫ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗസയില്‍ നിന്ന് നമ്മള്‍ കണ്ട ചില ക്രൂരമായ ദൃശ്യങ്ങള്‍ മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് നിസംശയം പറയാമെന്നും ഇസ്രഈലിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും നിരപരാധികളുമായ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന് ആയുധങ്ങളും വെടിക്കോപ്പുകളും കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് യു.എന്‍ അധികൃതര്‍ പറഞ്ഞതിന് പിന്നാലെയാണ് യൂസഫിന്റെ പരാമര്‍ശം.

ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളെ തകര്‍ക്കുന്നതിനായി, എഫ് 35 സ്റ്റെല്‍ത്ത് കോംബാറ്റ് എയര്‍ക്രാഫ്റ്റിന് ആവശ്യമായ ഘടകങ്ങളുടെ 15 ശതമാനവും നെതന്യാഹു സര്‍ക്കാരിന് നല്‍കിയത് ബ്രിട്ടന്‍ ആണെന്ന് യു.കെ ആസ്ഥാനമായുള്ള പ്രഷര്‍ ഗ്രൂപ്പായ ക്യാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ആംസ് ട്രേഡ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സയണിസ്റ്റ് രാജ്യത്തേക്കുള്ള ആയുധ കയറ്റുമതിയില്‍ നിന്ന് യു.കെ വിട്ടുനില്‍ക്കണമെന്നും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഇസ്രഈലിലേക്കുള്ള ആയുധ വില്‍പ്പന താത്കാലികമായി നിര്‍ത്തുന്നതായി സ്പെയിനും ബെല്‍ജിയവും അറിയിച്ചിരുന്നു.

Content Highlight: Scotland minister Hamza Yousaf calls for UK to temporarily freeze arms exports to Israel