എഡിൻബർഗ്: ഫലസ്തീൻ രാഷ്ട്ര രൂപീകരണം അംഗീകരിക്കില്ലെന്ന ഇസ്രഈൽ നിലപാടിനെതിരെ സ്കോട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്.
നെതന്യാഹുവിന്റെ നിലപാട് ശക്തമായി അപലപിക്കേണ്ടതാണെന്ന് യൂസഫ് തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
‘ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നെതന്യാഹുവിന്റെ നിലപാട് നിരാശപ്പെടുത്തുന്നത് മാത്രമല്ല, എല്ലാ രീതിയിലും ശക്തമായി അപലപിക്കേണ്ടതുമാണ്.
പ്രദേശത്ത് സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ദ്വിരാഷ്ട്ര പരിഹാരത്തിനായി രംഗത്ത് വരണം,’ യൂസഫ് എക്‌സിൽ കുറിച്ചു.
പാഠപുസ്തകങ്ങളിലെ വംശീയ ഉന്മൂലനത്തിന്റെ നിർവചനമാണ് ഇസ്രഈലികൾ ഗസയിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് നേരത്തെ ഹംസ യൂസഫ് പറഞ്ഞിരുന്നു. ഇസ്രഈലിന്റെ വംശഹത്യയ്ക്കെതിരെ ആദ്യം തന്നെ രംഗത്തെത്തിയ യു.കെ പാർട്ടി നേതാവാണ് യൂസഫ്.
ഇസ്രഈലിനെതിരെ ഇതിനകം സ്കോട്ലാൻഡിൽ നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തിനെതിരായ ഇസ്രഈലിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഫ്രാൻസും ഫലസ്തീന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം രാഷ്ട്രം രൂപീകരിക്കാൻ ഫലസ്തീന് അധികാരമുണ്ടെന്നും ഇതിനായി അവസാന നിമിഷം വരെ അവർക്കൊപ്പം നിലകൊള്ളുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോൺ എക്‌സിലൂടെ അറിയിച്ചു.
ദ്വിരാഷ്ട്ര രൂപീകരണമാണ് ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരമെന്ന യു.എസിന്റെ പ്രസ്താവന പരസ്യമായി ഇസ്രഈൽ തള്ളിയിരുന്നു. ഇസ്രഈലിനെ തീവ്രവാദത്തിൽ നിന്ന് സുരക്ഷിതമാക്കാൻ ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുഴുവൻ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടാകണമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
Content Highlight: Scotland first minister condemns Netanyahu over denial of Palestinian statehood