| Wednesday, 5th July 2023, 8:57 am

ക്രിക്കറ്റ് ഭൂപടത്തില്‍ പുതിയ ടീമിന്റെ ഉദയം 💙; ഇല്ലാതാക്കിയത് മൂന്ന് ടെസ്റ്റ് പ്ലെയിങ് ടീമുകളെ 🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിയഫറില്‍ കരുത്തരായ സിംബാബ്‌വേയെയും തോല്‍പിച്ച് കരുത്ത് കാട്ടിയിരിക്കുകയാണ് സ്‌കോട്‌ലാന്‍ഡ്. കഴിഞ്ഞ ദിവസം ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനാണ് സ്‌കോട്‌ലാന്‍ഡ് ആഫ്രിക്കന്‍ കരുത്തരെ തകര്‍ത്തുവിട്ടത്.

സിംബാബ്‌വേയെ പരാജയപ്പെടുത്തിയതോടെ ക്വാളിഫയറില്‍ കളിക്കുന്ന നാല് ടെസ്റ്റ് ടീമുകളില്‍ മൂന്ന് പേരെയും തോല്‍പിക്കാന്‍ സ്‌കോട്‌ലാന്‍ഡിനായി. നേരത്തെ അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ തോല്‍പിച്ച സ്‌കോട്‌ലാന്‍ഡ് ഇപ്പോള്‍ സിംബാബ്‌വേയെയും പരാജയപ്പെടുത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ലങ്കയോട് മാത്രമാണ് സ്‌കോട്‌ലാന്‍ഡിന് പരാജയം രുചിക്കേണ്ടി വന്നത്.

ക്വാളിഫയറിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് സ്‌കോട്‌ലാന്‍ഡ് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു സ്‌കോട്ടിഷ് പടയുടെ വിജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മാര്‍ക് അഡയറിനെ ബൗണ്ടറി കടത്തി മൈക്കല്‍ ലീസ്‌ക്കാണ് സ്‌കോട്‌ലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

ഗ്രൂപ്പ് സ്റ്റേജിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയോട് 82 റണ്‍സിന് തോല്‍ക്കേണ്ടി വന്നെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ അടിത്തറയിളക്കിക്കൊണ്ടായിരുന്നു സ്‌കോട്‌ലാന്‍ഡിന്റെ തിരിച്ചുവരവ്.

ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസിനെ ബാറ്റിങ്ങിയച്ച സ്‌കോട്‌ലാന്‍ഡ് എതിരാളികളെ വെറും 181 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് പ്രകടനവുമായി ബ്രാന്‍ഡന്‍ മക്മുള്ളനും രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് സോളും ക്രിസ് ഗ്രേവ്‌സുമാണ് സ്‌കോട്‌ലാന്‍ഡിനായി തിളങ്ങിയത്.

182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്ടിഷ് പട മാത്യു ക്രോസിന്റെയും ബ്രാന്‍ഡന്‍ മക്മുള്ളന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റും 39 പന്തും ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വേയും പരാജയപ്പെടുത്തിയ സ്‌കോട്‌ലാന്‍ഡ് തങ്ങള്‍ എന്തിനും പോന്നവരാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ ലോകകപ്പ് മോഹങ്ങള്‍ സജീവമാക്കാനും സ്‌കോട്‌ലാന്‍ഡിനായി. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ലങ്കക്കൊപ്പം സ്‌കോട്‌ലാന്‍ഡും ഇന്ത്യയിലേക്ക് വിമാനം കയറും.

പല വമ്പന്‍ ടീമുകളെയും പരാജയപ്പെടുത്തിയ സ്‌കോട്‌ലാന്‍ഡിനും നെതര്‍ലന്‍ഡ്‌സിനും ടെസ്റ്റ് സ്റ്റാറ്റസ് നല്‍കണമെന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളുയരുന്നുണ്ട്. ഈ പ്രകടനങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ അവരത് അര്‍ഹിക്കുന്നതുമാണ്.

ക്വാളിഫയറിന്റെ സൂപ്പര്‍ സിക്‌സിലെത്തിയ ടീമുകളെല്ലാം തന്നെ ലോകകപ്പ് കളിക്കാന്‍ യോഗ്യതയുള്ളവര്‍ തന്നെയാണ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍ അര്‍ഹതയുള്ള പലരും വീണുപോയേക്കാം. അടുത്ത ലോകകപ്പില്‍ 14 ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇവരും കാണുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content highlight: Scotland defeated three Test playing teams in the qualifiers

Latest Stories

We use cookies to give you the best possible experience. Learn more