ഐ.സി.സി ടി-20 വേള്‍ഡ് കപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയര്‍ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് സ്‌കോട്‌ലാന്‍ഡ് സൂപ്പര്‍ താരം ഒലി ഹാരിസ്. യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്കെതിരെയാണ് ഹാരിസ് തകര്‍പ്പന്‍ സെഞ്ച്വറി നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഹാരിസിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്.
വെറും 53 പന്തില്‍ നിന്നും പുറത്താകാതെ 127 റണ്‍സാണ് ഹാരിസ് അടിച്ചുകൂട്ടിയത്. 239.62 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 14 ബൗണ്ടറിയുടെയും എട്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഹാരിസ് സെഞ്ച്വറി തികച്ചത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഹാരിസ് കൈപ്പിടിയിലൊതുക്കി. ടി-20 ഫോര്‍മാറ്റില്‍ സ്‌കോട്‌ലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ജോയിന്റ് റെക്കോഡ് നേട്ടത്തിലേക്കാണ് ഹാരിസ് നടന്നുകയറിയത്.
സ്‌കോട്‌ലാന്‍ഡിന്റെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ പ്രധാനിയും തന്റെ സഹതാരവും കൂടിയായ ജോര്‍ജ് മന്‍സിക്കൊപ്പമാണ് ഒലി ഹാരിസ് ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ സ്‌കോട്ടിഷ് പടയ്ക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത് താരം എന്ന റെക്കോഡും ഹാരിസ് സ്വന്തമാക്കി. ഹാരിസിനും മന്‍സിക്കും പുറമെ സ്‌കോട്ടിഷ് ഇതിഹാസ താരം റിച്ചി ബെറിങ്ടണാണ് കുട്ടിക്രിക്കറ്റില്‍ സ്‌കോട്‌ലാന്‍ഡിനായി ട്രിപ്പിള്‍ ഡിജിറ്റ് നേടിയത്.
ടി-20 ഫോര്‍മാറ്റില്‍ ടീമിനായി കളിച്ച 17 മത്സരത്തില്‍ നിന്നും 348 റണ്‍സാണ് ഹാരിസിന്റെ സമ്പാദ്യം. 24.85 എന്ന ശരാശരിയിലും 193.33 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്‍സടിക്കുന്ന ഹാരിസ് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഹാരിസിന് പുറമെ ഇക്കഴിഞ്ഞ വേള്‍ഡ് കപ്പ് ക്വാളിഫയറിലെ സ്‌പോട്ട്‌ലൈറ്റ് സ്റ്റീലറായ ബ്രാണ്ടന്‍ മക്മുള്ളനും ഇറ്റലിക്കെതിരെ തകര്‍ത്തടിച്ചു. 50 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ആറ് സിക്‌സറുമടക്കം 96 റണ്‍സാണ് താരം നേടിയത്.
ഇരുവരുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി.
246 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ അസൂറികള്‍ 13ാം ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 155 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്‌കോട്ടിഷ് വാറിയേഴ്‌സ് സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടി-20യിലെ ഏറ്റവും വലിയ 12ാമത് വിജയമാണിത്.
ബൗളിങ്ങില്‍ സ്‌കോട്‌ലാന്‍ഡിനായി ഗാവിന്‍ മെയ്ന്‍ ഫൈഫര്‍ തികച്ചു. 3.4 ഓവര്‍ പന്തെറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ബ്രാഡ്‌ലി കറിയും സാഫിയാന്‍ ഷെരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇറ്റാലിയന്‍ വധം പൂര്‍ണമാക്കി.
ടൂര്‍ണമെന്റില്‍ സ്‌കോട്‌ലാന്‍ഡിന്റെ മൂന്നാമത് വിജയമാണിത്. നേരത്തെ ജര്‍മനിയും ജേഴ്‌സിയുമാണ് ഇവരോട് തോറ്റത്. ചൊവ്വാഴ്ചയാണ് സ്‌കോട്‌ലാന്‍ഡിന്റെ അടുത്ത മത്സരം. ഗോള്‍ഡന്റേസില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളികള്‍.
Content highlight: Scotland defeated Italy