| Wednesday, 26th July 2023, 10:58 am

ഒന്ന് മങ്ങിയാല്‍ തീര്‍ന്നെന്ന് കരുതിയോ, 15 ഫോറും ആറ് സിക്‌സുമടക്കം 216.39ല്‍ 132; ഒപ്പം റെക്കോഡ് വിജയവും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറില്‍ ഓസ്ട്രിയക്കെതിരെ വമ്പന്‍ വിജയവുമായി സ്‌കോട്‌ലാന്‍ഡ്. ഗോള്‍ഡന്‍ റേസില്‍ നടന്ന മത്സരത്തില്‍ 166 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്‌കോട്ടിഷ് വാറിയേഴ്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രിയ എതിരാളികളെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ഓസ്ട്രിയയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് സ്‌കോട്‌ലാന്‍ഡ് അടി തുടങ്ങി. ആദ്യ വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്. ആറാം ഓവറിലെ അവസാന പന്തില്‍ ഒലി ഹാരിസിന്റെ വിക്കറ്റാണ് സ്‌കോട്‌ലാന്‍ഡിന് നഷ്ടമായത്.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനെ 23 റണ്‍സിന് മടക്കിയെന്ന് ഓസ്ട്രിയ ആശ്വസിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ഹാരിസിനൊപ്പം ഓപ്പണറായി ഇറങ്ങിയ ജോര്‍ജ് മന്‍സി ഇത്തവണ സെഞ്ച്വറിയടിച്ചതോടെ സ്‌കോട്‌ലാന്‍ഡ് സ്‌കോര്‍ വീണ്ടും 200 കടന്നു.

61 പന്തില്‍ 15 ബൗണ്ടറിയും ആറ് സിക്‌സറും അടക്കം 246.39 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 132 റണ്‍സാണ് താരം നേടിയത്. ഇറ്റലിക്കെതിരായ മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായതിന്റെ സങ്കടമാണ് മന്‍സി ഈ സെഞ്ച്വറിയിലൂടെ നേടിയത്.

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന സ്‌കോട്ടിഷ് താരം എന്ന റെക്കോഡും മന്‍സി സ്വന്തമാക്കിയിരുന്നു. ഇറ്റലിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒലി ഹാരിസ് പുറത്താകാതെ 127 റണ്‍സെടുത്തതോടെ മന്‍സിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ തൊട്ടുത്ത മത്സരത്തില്‍ ആ റെക്കോഡ് മെച്ചപ്പെടുത്തി, തന്റെ പേരിലേക്ക് മാത്രമായി മാറ്റിയെഴുതിയാണ് മന്‍സി തരംഗമായത്.

ഓപ്പണര്‍മാര്‍ക്ക് പുറമെ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ (19 പന്തില്‍ പുറത്താകാതെ 40), ബ്രാണ്ടന്‍ മക്മുള്ളന്‍ (29 പന്തില്‍ പുറത്താകാതെ 28) എന്നിവരും മികച്ച സ്‌കോര്‍ കണ്ടെത്തിയതോടെ സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് നേടിയത്.

233 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്ട്രിയ പൊരുതാന്‍ പോലും ശ്രമിക്കാതെ പരാജയം സമ്മതിക്കുകയായിരുന്നു. ഓസ്ട്രിയന്‍ നിരയില്‍ ഒരാളൊഴികെ എല്ലാ താരങ്ങളും ഒറ്റയക്കത്തിന് പുറത്തായി. 14 പന്തില്‍ 15 റണ്‍സ് നേടിയ ജാവേദ് സദ്രാനാണ് ടോപ് സ്‌കോറര്‍.

സ്‌കോട്‌ലാന്‍ഡിനായി മൈക്കല്‍ ലീസ്‌ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൂഫിയാന്‍ ഷെരീഫ്, ഗാവിന്‍ മെയ്ന്‍, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒടുവില്‍ 17ാം ഓവറിലെ മൂന്നാം പന്തില്‍ വെറും 66 റണ്‍സിന് ഓസ്ട്രിയ പുറത്താവുകായയിരുന്നു. ഇതോടെ 166 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച 10ാമത് വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിക്കെതിരെ 155 റണ്‍സിന് വിജയിച്ചും സ്‌കോട്ടിഷ് പട റെക്കോഡിട്ടിരുന്നു.

കളിച്ച മത്സരത്തിലെല്ലാം വിജയം സ്വന്തമാക്കിയ സ്‌കോട്‌ലാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് സ്‌കോട്‌ലാന്‍ഡിനുള്ളത്.

ജൂലൈ 26നാണ് സ്‌കോട്‌ലാന്‍ഡിന്റെ അടുത്ത മത്സരം. ഡെന്‍മാര്‍ക്കാണ് എതിരാളികള്‍.

Content Highlight: Scotland defeated Austria in ICC Men’s T20 World Cup Europe Qualifier

We use cookies to give you the best possible experience. Learn more