| Friday, 7th June 2024, 7:45 am

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; സ്കോട്ലാൻഡ് കൊടുങ്കാറ്റിൽ നമീബിയ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സ്‌കോട്‌ലാന്‍ഡ്. നമീബിയയെ അഞ്ച് വിക്കറ്റുകള്‍ക്കാണ് സ്‌കോട്‌ലാന്‍ഡ് പരാജയപ്പെടുത്തിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്‌ലാന്‍ഡ് ഒമ്പത് പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ സ്‌കോട്‌ലാന്‍ഡിന്റെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയക്കായി ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് 31 പന്തില്‍ 52 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് നമീബിയന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

സ്‌കോട്‌ലാന്‍ഡ് ബൗളിങ്ങില്‍ ബ്രാഡ് വീല്‍ മൂന്ന് വിക്കറ്റും ബ്രാഡ്‌ലി കുറീ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ക്രിസ് ഗ്രീവ്‌സ്, മിച്ചല്‍ ലീസ്‌ക്ക് ഒരു വിക്കറ്റും നേടി.

സ്‌കോട്‌ലാന്‍ഡ് ബാറ്റിങ്ങില്‍ നായകന്‍ റീച്ചീ ബെര്‍മിങ്ടണ്‍ 35 പന്തില്‍ 47 റണ്‍സും മിച്ചല്‍ ലീസ്‌ക്ക് 17 പന്തില്‍ 35 റണ്‍സും നേടി നിര്‍ണായകമായപ്പോള്‍ സ്‌കോട്‌ലാന്‍ഡ് ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സ്‌കോട്‌ലാന്‍ഡ്. മറുഭാഗത്ത് രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടുപോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ് നമീബിയ.

ജൂണ്‍ ഒമ്പതിന് ഒമാനെതിരെയാണ് സ്‌കോട്‌ലാന്‍ഡിന്റെ അടുത്ത മത്സരം. ജൂണ്‍ 12ന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് നമീബിയയുടെ എതിരാളികള്‍.

Content Highlight: Scotland beat Namibia in T20 World Cup

We use cookies to give you the best possible experience. Learn more