ഫുട്‌ബോളിന്റെ കളിത്തൊട്ടിലിലും ക്രിക്കറ്റ് വളരുന്നു; യൂറോപ്പില്‍ നിന്ന് ലോകകപ്പിലേക്ക്
icc world cup
ഫുട്‌ബോളിന്റെ കളിത്തൊട്ടിലിലും ക്രിക്കറ്റ് വളരുന്നു; യൂറോപ്പില്‍ നിന്ന് ലോകകപ്പിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th July 2023, 11:16 am

2024 ടി-20 ലോകകപ്പിന് യോഗ്യത നേടി അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറില്‍ ആധിപത്യം സ്ഥാപിച്ചാണ് ഇരുവരും അടുത്ത വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്.

നിലവില്‍ ക്വാളിഫയറിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി സ്‌കോട്‌ലാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു സമനിലയുമായി ഒമ്പത് പോയിന്റോടെ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.

ക്വാളിഫയറിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ 72 റണ്‍സിന് തോല്‍പിച്ച സ്‌കോട്‌ലാന്‍ഡ് ജേഴ്‌സിയെ 14 റണ്‍സിനും തോല്‍പിച്ചു. ഇറ്റലിക്കെതിരായ മൂന്നാം മത്സരത്തില്‍ 155 റണ്‍സിന്റെ പടുകൂറ്റന്‍ ജയം നേടിയ സ്‌കോട്ടിഷ് പട നാലാം മത്സരത്തില്‍ ഓസ്ട്രിയയെ 166 റണ്‍സിനും തകര്‍ത്തുവിട്ടു.

കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്‌കോട്ടിഷ് വാറിയേഴ്‌സ് വേള്‍ഡ് കപ്പിനൊരുങ്ങുന്നത്.

ഇറ്റലിക്കെതിരെ ഏഴ് റണ്‍സിന് വിജയിച്ചാണ് ഐറിഷ് പട ക്വാളിഫയര്‍ ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത അയര്‍ലന്‍ഡ് മൂന്നാം മത്സരത്തില്‍ ഓസ്ട്രിയയെ 124 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

ജേഴ്‌സിക്കെതിരായ നാലാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ പോള്‍ സ്‌റ്റെര്‍ലിങ്ങും സംഘവും അഞ്ചാം മത്സരത്തില്‍ ജര്‍മനിക്കൊപ്പം ഓരോ പോയിന്റ് പങ്കിട്ടു. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന മത്സരം ഒറ്റ പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചതോടെയാണ് അയര്‍ലന്‍ഡ് ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയത്.

ക്വാളിഫയറില്‍ ഒരിക്കല്‍ പോലും പരാജയം രുചിച്ചിട്ടില്ലാത്ത ഇരുവരും വെള്ളിയാഴ്ച നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ദി ഗ്രേഞ്ച് ക്ലബ്ബില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

ഐ.സി.സി ടി-20 വേള്‍ഡ് കപ്പ് 2024ല്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. 15 ടീമുകള്‍ ഇതിനോടകം ടൂര്‍ണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ കഴിഞ്ഞ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും യോഗ്യത നേടി.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അമേരിക്കയും വിന്‍ഡീസും യോഗ്യത നേടിയപ്പോള്‍ യൂറോപ്യന്‍ ക്വാളിഫയറില്‍ നിന്നും അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും തങ്ങളുടെ ബെര്‍ത് ഉറപ്പിച്ചു.

ഇവര്‍ക്ക് പുറമെ പപ്പുവ ന്യൂ ഗിനിയ ആണ് ലോകകപ്പിന് യോഗ്യത നേടിയ മറ്റൊരു ടീം. ഏഷ്യ പസഫിക് ക്വാളിഫയറില്‍ നിന്നുള്ള ഏക സ്ലോട്ടിലാണ് ന്യൂ ഗിനിയ അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്.

ഇനിയുള്ള അഞ്ച് ടീമുകളെ കണ്ടെത്താന്‍ മൂന്ന് ക്വാളിഫയര്‍ മത്സരങ്ങളാണ് നടക്കാനുള്ളത്. അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ഒരു ടീമും, ഏഷ്യ, അഫ്രിക്ക ക്വാളിഫയറില്‍ നിന്ന് രണ്ട് വീതം ടീമും ലോകകപ്പിന് യോഗ്യത നേടും.

 

 

Content Highlight: Scotland And Ireland qualified for 2024 T20 World Cup