ന്യൂദല്‍ഹി: ഇന്ത്യ നിര്‍മ്മിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവം നിസാരവല്‍ക്കരിക്കാന്‍ നാവികസേന ശ്രമിക്കുന്നതിനിടെ പുതിയ രേഖകള്‍ ദി ഓസ്‌ട്രേലിയന്‍ ദിനപത്രം വ്യാഴാഴ്ച പുറത്തുവിട്ടു. റെസ്ട്രിക്റ്റഡ് സ്‌കോര്‍പീന്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രേഖകളാണ് പുതുതായി പുറത്തുവന്നിട്ടുള്ളത്.
അന്തര്‍വാഹിനിയുടെ സോണാര്‍ സിസ്റ്റം സംബന്ധിച്ച വിവരങ്ങളാണ് രേഖകളില്‍. ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. പുതിയ രേഖകള്‍ പുറത്തുവന്നതിനെക്കുറിച്ച് നാവികേസേനയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. അന്തര്‍വാഹികളെ സംബന്ധിച്ച വിവരങ്ങള്‍ പലതും പ്രതിരോധ വെബ്‌സൈറ്റുകളില്‍ ഉള്ളതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിക്കുന്നത്.
ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ്സില്‍നിന്ന് ചോര്‍ന്ന 22,400 രേഖകളില്‍നിന്ന് തെരെഞ്ഞെടുത്തവയാണ് ദി ഓസ്‌ട്രേലിയന്‍ ദിനപത്രം പുറത്തുവിട്ടത്.
23,526 കോടി ചിലവഴിച്ചാണ് ഇന്ത്യ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. അതിനിടെ വിവരങ്ങള്‍ ചോര്‍ത്തിയതല്ല മോഷ്ടിച്ചതാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളല്ല ചോര്‍ന്നതെന്നും ഒരു മുന്‍ ഫ്രഞ്ച് ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.