| Sunday, 19th November 2023, 8:02 pm

241 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് അത്ര എളുപ്പമല്ല: മിച്ചല്‍ സ്റ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്.
മത്സരത്തിന് ശേഷം ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പറയുന്നത് ഇന്ത്യ നേടിയ 241 റണ്‍സ് ചെയ്‌സ് ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മന്ദഗതിയിലുള്ള ട്രാക്കില്‍ സ്‌കോര്‍ ചെയ്യന്നത് ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ പിച്ച് മന്ദഗതിയിലാണ്, പന്ത് ബാറ്റിലേക്ക് നന്നായി കണക്റ്റ് ആവുന്നില്ല. 241 റണ്‍സ് ചെയ്‌സ് ചെയ്യുന്നത് എളുപ്പമല്ല. പക്ഷെ മഞ്ഞ് വന്നാല്‍ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാകും,’ അദ്ദേഹം പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയെ 240 റണ്‍സിന് തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍ വുഡ് രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആദം സാംപയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ഇന്ത്യക്ക് വേണ്ടി കെ.എല്‍. രാഹുല്‍ 107 പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടി 66 റണ്‍സ് എടുത്തപ്പോള്‍ കോഹ്‌ലി 63 പന്തില്‍ നാല് ബൗണ്ടറികള്‍ അടക്കം 54 റണ്‍സെടുത്തു. രോഹിത് 31 പന്തില്‍ 47 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമാണ് രോഹിത് നേടിയത്. ട്രാവിസ് ഹെഡിന്റെ സാഹസിക ക്യാച്ചില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനാണ് രോഹിത്തിന്റെ വിക്കറ്റ്.

നിലവില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിരിക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ മൂന്ന് പന്തില്‍ നിന്ന് ഏഴ് റണ്‍സും മിച്ചല്‍ മാര്‍ഷ് 15 (15) റണ്‍സും സ്റ്റീവ് സ്മിത്ത്
ഒമ്പത് പന്തില്‍ നാല് റണ്‍സുമെടുത്താണ് പുറത്തായത്. ജസ്പ്രീത് ബുംറക്ക് രണ്ട് വിക്കറ്റും മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു.

Content Highlight: Scoring 241 runs is not easy

We use cookies to give you the best possible experience. Learn more