റോം: യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ലിബിയന്‍ ബോട്ടില്‍ നിന്നും 50ഓളം അഭയാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഇറ്റാലിയന്‍ തീരദേശ സേന. ലിബിയന്‍ തീരത്ത് നിന്നാണ് ബോട്ടില്‍ അഭയാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം 430 പേരെ ബോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയതായും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സ്വീഡിഷ് കപ്പലായ പൊസൈഡന്റെ സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ്അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് കണ്ടെത്താനായത്.
ഓഗസ്റ്റ്് 15ന് മറ്റൊരു ബോട്ടില്‍ നിന്നും നാല്‍തോളം വരുന്ന അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ഇപ്പോള്‍ വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ലിബിയയില്‍ നിന്നും മറ്റ് സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നത് അനധികൃത മാര്‍ഗങ്ങളിലായതിനാല്‍ നേരത്തെയും നിരവധി തവണ സമാനമായ ദുരന്തങ്ങള്‍ സംഭവിച്ചിരുന്നു.
ഈ വര്‍ഷം ലിബിയ, സിറിയ എന്നിവിടങ്ങളില്‍ നിന്നായി 250,000 ത്തോളം പേര്‍ യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ബോട്ട് മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടായിരത്തിലധികം അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മരണപ്പെട്ടിട്ടുള്ളത്.