എല്ലാ ഡയലോഗും ഇംഗ്ലീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് ആദ്യ സിനിമക്ക് മ്യൂസിക് ചെയ്തത്: മിഥുൻ മുകുന്ദൻ
Entertainment news
എല്ലാ ഡയലോഗും ഇംഗ്ലീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് ആദ്യ സിനിമക്ക് മ്യൂസിക് ചെയ്തത്: മിഥുൻ മുകുന്ദൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st October 2022, 9:29 pm

നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ റോഷാക്ക് തിയേറ്ററിൽ വൻ വിജയമായി തുടരുകയാണ്. ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

വ്യത്യസ്തമായ ഴോണറിലൊരുങ്ങിയ ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് ശേഷം ബിന്ദു പണിക്കർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. മേക്കിങ്ങിലും മ്യൂസിക്കിലും ചിത്രത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. താരങ്ങളുടെ അഭിനയത്തിന് പുറമേ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സിനിമയുടെ മ്യൂസിക്ക്.

മിഥുൻ മുകുന്ദനാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ഒരു മൊട്ടേയ കഥ എന്നീ ചിത്രങ്ങളിലൂടെ കന്നഡയിൽ ശ്രദ്ധ നേടിയതിന് ശേഷമാണ് മിഥുൻ റോഷാക്കിൽ എത്തിയത്. കന്നഡയിൽ നിന്നുമുള്ള പാട്ടുകളെ കുറിച്ചും രണ്ട് ഇൻഡ്സ്ട്രികളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും സംസാരിക്കുകയാണ് ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മുകുന്ദൻ.

മലയാളത്തിലേക്കുള്ള പ്രവേശനം മമ്മൂക്കയോടൊപ്പമായതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമെന്നും ആദ്യ ചിത്രത്തിന്റെ സമയത്ത് ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മിഥുൻ കൂട്ടിച്ചേർക്കുന്നു.

‘കന്നഡയിൽ പ്രധാന വ്യത്യാസം ഞാൻ താഴേത്തട്ടിൽ നിന്ന് തുടങ്ങി എന്നതാണ്. മലയാളത്തിൽ തുടങ്ങിയത് തന്നെ മമ്മൂക്കയുടെ സിനിമയിലും മമ്മൂക്കയുടെ പ്രൊഡക്ഷനിലുമാണ്.

ആദ്യത്തെ സിനിമയിൽ ഡയറക്ടറുടെ വീട്ടിലെ ഗാരേജിൽ വെച്ചായിരുന്നു പാട്ട് കമ്പോസ് ചെയ്യുന്നതും സ്കോർ ചെയ്യുന്നതും ഒക്കെ. ആ പടം ചെയ്‌തെടുക്കാൻ തന്നെ രണ്ടര വർഷമെടുത്തു. ഞങ്ങൾക്കാർക്കും ഒന്നും അറിയില്ലായിരുന്നു. ചെയ്യാം എന്ന വിശ്വാസമല്ലാതെ വേറെയൊന്നും ഉണ്ടായില്ല.

രണ്ട് ഇൻഡസ്ട്രിയിലും വർക്കിങ് എല്ലാം ഒരുപോലെയാണ്. വ്യത്യാസമുണ്ടെങ്കിലും എന്റെ സ്‌റ്റൈലിൽ മാറ്റം വരുത്താൻ ഇഷ്ടമല്ലാത്തയാളാണ് ഞാൻ. എന്നെ സംബന്ധിച്ച് എന്റെ സിനിമയോടുള്ള സമീപനം എങ്ങനെയാണോ അതാണ് എനിക്ക് വർക്ക് ആകുന്നത്. മലയാളത്തിലെ ഡയലോഗ് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ട്. പിന്നെ ആദ്യത്തെ സിനിമ ചെയ്യുന്ന സമയത്ത് കന്നഡയൊന്നും ഒട്ടും അറിയില്ലായിരുന്നു.

എല്ലാ ഡയലോഗും ഇംഗ്ലീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് സ്‌കോർ ചെയ്തത്. ആ ഒരു വ്യത്യാസം മാത്രമേ കാര്യമായിട്ട് പറയാനുള്ളതായി തോന്നിയുള്ളൂ,’ മിഥുൻ പറയുന്നു.

Content Highlight: Scored for first film with all dialogue translated into English: Mithun Mukundan