| Wednesday, 10th April 2024, 2:35 pm

പൊള്ളുന്ന ചൂട്; കോടതികളില്‍ നിന്ന് കറുത്ത ഗൗണും കോട്ടും പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ  കോടതികളില്‍ കറുത്ത ഗൗണും കോട്ടും ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിലും ഹൈക്കോടതിയിലും കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന് അഭിഭാഷകര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്ന് പ്രമേയം പാസാക്കിയത്.

ജില്ല കോടതികളില്‍ വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. ഹൈക്കോടതിയില്‍ കറുത്ത ഗൗണ്‍ ധരിക്കണമെന്നും നിര്‍ബന്ധമില്ല. മെയ് 31 വരെയാണ് ഈ പ്രത്യേക ഇളവ് ലഭിക്കുക. കനത്ത ചൂട് അനുഭവപ്പെടുന്ന ഈ വേനല്‍ക്കാലത്ത് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിലെ ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പ്രത്യേക പ്രമേയം. ഹൈക്കോടതിയുടെ പ്രമേയത്തെ അഭിഭാഷക സമൂഹം സ്വാഗതം ചെയ്തു.

അതേ സമയം സംസ്ഥാനത്ത് ഓരോ ദിവസം കൂടുംതോറും ചൂട് കനക്കുകയാണ്. പാലക്കാട് ജില്ലയിലാണ് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വേനല്‍മഴയും കുറവാണ്. ഏപ്രില്‍ 12 വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാധാരണനിലയില്‍ നിന്ന് 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ 41, കൊല്ലം ജില്ലയില്‍ 39, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37, തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

content highlights: Scorching heat; Black gown and coat out of the courts kerala, weather updates 

We use cookies to give you the best possible experience. Learn more