| Tuesday, 9th July 2019, 12:11 pm

കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിജീവിക്കുമോ? മുമ്പിലുള്ള സാധ്യതകള്‍ ഇതൊക്കയാണ്

ജിന്‍സി ടി എം

കര്‍ണാടകയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പു തന്നെ ഭീഷണികള്‍ നേരിട്ടിരുന്നു. എം.എല്‍.എമാരെ കൂട്ടത്തോടെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയും പിണങ്ങി നിന്നവരെ സ്ഥാനമാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയും കോണ്‍ഗ്രസിന് ഈ ഭീഷണികളെ എതിരിടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനുശേഷവും ഈ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പലതവണ അത് സര്‍ക്കാറിനെ തന്നെ താഴെയിറക്കുമെന്ന ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു.

നേരത്തെ മാറിനിന്ന ഒന്നോ രണ്ടോ എം.എല്‍.എമാരെയാണ് അനുനയിപ്പിക്കേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ 13 എം.എല്‍.എമാരെ അനുനയിപ്പിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഒപ്പം സര്‍ക്കാറിനെ പിന്തുണച്ചിരുന്ന, എന്നാലിപ്പോള്‍ രാജിക്കത്ത് നല്‍കിയ സ്വതന്ത്ര എം.എല്‍.എ എച്ച് നാഗേഷിനേയും.

നാമനിര്‍ദേശം ചെയ്ത എം.എല്‍.എയടക്കം 225 ആണ് കര്‍ണാടക നിയമസഭയുടെ ആകെ അംഗബലം. 113 പേരുടെ പിന്തുണയുറപ്പാക്കുന്ന കക്ഷിയ്ക്ക് സര്‍ക്കാര്‍ രൂപീകരീകരിക്കാം.

എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കുന്നതിനു മുമ്പ് 78 എം.എല്‍.എമാര്‍ കോണ്‍ഗ്രസിനും 37 പേര്‍ ജെ.ഡി.എസുമുണ്ടായിരുന്നു. ഒപ്പം ബി.എസ്.പിയുടെയും കര്‍ണാടക പ്രജ്‌ന്യാവന്താ ജനതാ പാര്‍ട്ടിയുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ടായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട 224 അംഗങ്ങളില്‍ 118 ആയിരുന്നു ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ പിന്‍ബലം. എന്നാലിപ്പോള്‍ ഇത് 104 ആയി കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് 10 എം.എല്‍.എമാരും ജെ.ഡി.എസില്‍ നിന്ന് 3 എം.എല്‍.എമാരുമാരും രാജിക്കത്ത് നല്‍കിയതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

13 എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ കര്‍ണാടക നിയമസഭയുടെ അംഗബലം 225ല്‍ നിന്ന് 212 ആയി കുറയും. ഒപ്പം കേവലഭൂരിപക്ഷം 113ല്‍ നിന്ന് 106 ആവുകയും ചെയ്യും.

105 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് മന്ത്രിസ്ഥാനം രാജിവെച്ച സ്വതന്ത്ര എം.എല്‍.എ എച്ച് നാഗേഷ് ഇതിനകം തന്നെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷവും ലഭിക്കും.

ഇനി സര്‍ക്കാറിനു മുമ്പിലുള്ള സാധ്യതകള്‍:

1. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ തുടരും

13 വിമത എം.എല്‍.എമാര്‍ക്ക് ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്ത് അവരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിന് തുടരാന്‍ കഴിയും.

തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചത് ഇത്തരമൊരു രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന സൂചനയാണ് നല്‍കുന്നത്. 13 എം.എല്‍.എമാര്‍ക്ക് സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനായി ജെ.ഡി.എസ് അവരുടെ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2. ബി.ജെ.പി അധികാരത്തിലെത്തും

നിലവിലെ നമ്പറുകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. നിലവില്‍ ബി.ജെ.പിക്ക് 106 എം.എല്‍.എമാരുടെ പിന്തുണയാണുളളത്. 13 എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിന്റെ അംഗബലം 105 ആയി കുറയും. ഗവര്‍ണര്‍ക്ക് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കാം. അതുവഴി അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനും കഴിയും.

3. രണ്ടാമത് പറഞ്ഞ അവസ്ഥയിലാണ് കാര്യങ്ങള്‍ എന്നിരിക്കട്ടെ. ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിനു പകരം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്നു. ഇത്തരമൊരു സ്ഥിതിയുണ്ടായാല്‍ കുമാരസ്വാമിയോട് ഒന്നുകില്‍ കാവല്‍മുഖ്യമന്ത്രി മുഖ്യമന്ത്രിയായി തുടരാന്‍ പറയാം. അല്ലെങ്കില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുവരെ ഗവര്‍ണര്‍ ഭരണം തുടരും.

4. തൂക്കുസഭ

തൂക്കുസഭയുണ്ടാവാനുള്ള വിദൂര സാധ്യതയും കര്‍ണാടകയിലുണ്ട്. സര്‍ക്കാറിനു പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ അത് തൂക്കുസഭ രൂപപ്പെടാന്‍ വഴിവെക്കും.

അങ്ങനെയാവണമെങ്കില്‍ താനിപ്പോഴും കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയുകയും കര്‍ണാടകയിലെ എം.എല്‍.എമാരോട് കൂട്ടുകക്ഷി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണം.

ഈ അവസ്ഥയില്‍ 13 എം.എല്‍.എമാരും കര്‍ണാടക നിയമസഭയുടെ ഭാഗമായി തുടരും. അതോടെ കേവലഭൂരിപക്ഷത്തിനുവേണ്ട അംഗബലം 113 ആകുകയും മറ്റൊരു പാര്‍ട്ടിക്കും ഈ അംഗബലം ഇല്ലാത്ത സ്ഥിതിക്ക് തൂക്കുസഭയാവുകയും ചെയ്യും.

ഈ ഘട്ടത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. അദ്ദേഹത്തിന് കാവല്‍മുഖ്യമന്ത്രിയെ നിയോഗിക്കുകയോ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കുകയോ ചെയ്യാം.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more