വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നു, ആരുമായും അദ്ദേഹം അത് പങ്കിടാന്‍ ആഗ്രഹിച്ചില്ല: നെടുമുടി വേണുവിനെ അനുസ്മരിച്ച് ജോണ്‍ പോള്‍
Malayalam Cinema
വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നു, ആരുമായും അദ്ദേഹം അത് പങ്കിടാന്‍ ആഗ്രഹിച്ചില്ല: നെടുമുടി വേണുവിനെ അനുസ്മരിച്ച് ജോണ്‍ പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th October 2021, 12:53 pm

നടന്‍ നെടുമുടി വേണുവിനെ അനുസ്മരിച്ച് നെടുമുടി വേണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍. റേഡ് ഫ്‌ളേര്‍ യൂ ട്യൂബ് ചാനലിലാണ് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്.

വേണു കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളമായി മനസ്സുകൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടിക്കണ്ടിരുന്നതെന്നും തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

അവസാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേര്‍ക്ക് അലിവാര്‍ന്ന പുഞ്ചിരിയുമായി സൗഹൃദത്തിന്റെ നറും സൗരഭം ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായി നാളുകള്‍ നീക്കനാണ് വേണു ഇഷ്ടപെട്ടതെന്നും ജോണ്‍ പോള്‍ പറയുന്നു.

”42 വര്‍ഷങ്ങളായുള്ള ഇഴയടുപ്പമുള്ള സൗഹൃദബന്ധമാണ് വേണുവും ഞാനും തമ്മില്‍ ഉണ്ടായിരുന്നത്. ഔപചാരിതകള്‍ക്ക് വഴങ്ങാതെ ചലച്ചിത്രങ്ങള്‍ക്കതീതമായി പരസ്പരം പങ്കിടുന്ന ഊഴങ്ങള്‍ക്കും അതീതമായി സൗഹൃദത്തിന് വേണ്ടി പുലര്‍ത്തുന്ന സൗഹൃദമായി അത് അപംഗുരം ഞങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്നു.

അതുകൊണ്ട് തന്നെ ഏതാനും വര്‍ഷങ്ങളായി വേണു അപകടമുനമ്പിന്റെ പ്രാന്തപരിസരത്തുകൂടിയാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിലും ഏത് നിമിഷവും ദു:ഖകരമായ വാര്‍ത്ത കാതിലെത്താമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും ഈ വാര്‍ത്ത കടന്നുവന്നപ്പോള്‍ അത് മനസിലൊരു വലിയ മുറിവായി. രോഗവിവരങ്ങള്‍ സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ വേണു ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഒരിക്കല്‍ പോലും ഞാന്‍ വേണുവിനോട് രോഗവിവരങ്ങള്‍ ചോദിച്ചിട്ടില്ല.

ഞങ്ങള്‍ക്കറിയാവുന്ന ചില മുഖങ്ങള്‍ കാപഠ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഞങ്ങള്‍ക്കിടയിലൂടെ വലിയ എഴുന്നള്ളത്തുകള്‍ നടത്തുമ്പോള്‍ അര്‍ഥഗര്‍ഭമായ ഒരു ചിരിയില്‍ ഞങ്ങള്‍ അതിനെ കുറിച്ചുള്ള കമന്റുകള്‍ ഒതുക്കുമായിരുന്നു.

വേണു കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളമായി മനസ്സുകൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടിക്കണ്ടിരുന്നതെന്നും തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

അവസാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേര്‍ക്ക് അലിവാര്‍ന്ന പുഞ്ചിരിയുമായി സൗഹൃദത്തിന്റെ നറും സൗരഭം ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിച്ചുകൊണ്ട് എല്ലവര്‍ക്കും പ്രിയങ്കരനായി നാളുകള്‍ നീക്കനാണ് വേണു ഇഷ്ടപെട്ടതെന്നും ജോണ്‍ പോള്‍ പറയുന്നു.

മരണത്തിന് രണ്ട് മൂന്ന് ആഴ്ച മുന്‍പ് വരെ എറണാകുളത്ത് വന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ചിത്രത്തില്‍ അഭിനയിച്ച് തിരിച്ചുപോയി.

തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ ഞാനോ, എറണാകുളത്ത് വരുമ്പോള്‍ അദ്ദേഹമോ നിര്‍ബന്ധമായും പരസ്പരം കണ്ടിരിക്കണമെന്ന് പറയുന്ന യാതൊരു വഴക്കവും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എപ്പോഴെങ്കിലും തീരെ പ്രതീക്ഷിക്കാത്ത സമയത്ത് വേണു കടന്നുവരും. ഞാന്‍ ഉണ്ടാകാം ഇല്ലായിരിക്കാം.

വീട്ടില്‍ വന്ന് അടുക്കളയില്‍ വരെ കയറിച്ചെന്ന് അവിടെ എന്തുണ്ടെങ്കിലും അതിലെ ഒരു ഓഹരി ഒരു പ്ലേറ്റെടുത്ത് അതില്‍ വിളമ്പി കഴിക്കാനുള്ള സ്വാതന്ത്ര്യം വേണുവിന് ഇവിടെ എന്നപോലെ എനിക്കവിടേയും ഉണ്ടായിരുന്നു.

ഏറ്റവും ഒടുവില്‍ സംവിധായകന്‍ സേതുമാധവനും അദ്ദേഹത്തിന്റെ പത്‌നിയും ഞാനും എന്റെ പത്‌നിയും വേണുവിന്റെ വീട്ടില്‍ ഒരു സ്‌നേഹവിരുന്ന് പോയിരുന്നു. വേണു നിന്നുകൊണ്ടാണ് ഇലയില്‍ ഓരോ വിഭവങ്ങളും വിളമ്പിത്തന്ന് ഞങ്ങള്‍ ഉണ്ണുന്നത് കണ്ടുകൊണ്ടിരുന്നത്.

അതിന് ശേഷം മുഖാമുഖം കണ്ടിട്ടില്ല. അന്ന് വേണു വിളമ്പിത്തന്ന ഭക്ഷണം ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ ഇടയില്ലാത്ത ഒരു സ്‌നേഹ സമര്‍പ്പണമായിരുന്നെന്ന് ഒരിക്കല്‍ പോലും ആശങ്കപ്പെട്ടിരുന്നില്ല,” ജോണ്‍ പോള്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Scipt Writer John Paul Remember Nedumudi Venu