ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.പി നഡ്ഡക്കൊപ്പം അദ്ദേഹം വാര്‍ത്താ സമ്മേളനവും നടത്തി.
ബി.ജെ.പി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും ജനങ്ങളെ സേവിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയായിരുന്നു താനെന്നും എന്നാല്‍ ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് സാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ ദു:ഖമുണ്ട്. കോണ്‍ഗ്രസിന് ജനങ്ങളെ സേവിക്കാന്‍ ഇനി കഴിയില്ല. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. പുതിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കിയില്ല.
2018 ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ അതെല്ലാം തകര്‍ന്നു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ല. പുതിയ നേതൃത്വത്തിനും കോണ്‍ഗ്രസിനെ മാറ്റാനായില്ല.
യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തു, അലവന്‍സ് വാഗ്ദാനം ചെയ്തു. നല്‍കിയില്ല. അവിടെ നടക്കുന്നത് മാറ്റക്കച്ചവടമാണ്. ഇന്ത്യയെ സേവിക്കാന്‍ ബി.ജെ.പി എനിക്കൊരു അവസരം തന്നു. അത് എന്റെ ഭാഗ്യമാണ്. മോദിക്ക് ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചു. മോദിയുടെ ആശയ ആദര്‍ശങ്ങള്‍ എന്നില്‍ വലിയ മതിപ്പുണ്ടാക്കി. ആദര്‍ശ ധീരനായ മോദിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍ ഇന്ത്യയുടെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമാണ്. – സിന്ധ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ