ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ഓര്‍ത്ത് ഭയമുണ്ടായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെ സമാന നിലപാടുമായി സിന്ധ്യയുടെ ബന്ധുവും ത്രിപുര മുന്‍ കോണ്‍ഗ്രസ് മേധാവിയുമായ പ്രത്യോട്ട് ദെബ്ബര്‍മാന്‍.
രാഷ്ട്രീയഭാവിയെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം ഒരിക്കലും ശരിയായില്ലെന്നും പ്രത്യോട്ട് പറഞ്ഞു.
ഇത്തരം ഒളിച്ചോടലുകള്‍ ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ യുവനേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും പ്രത്യോട്ട് ദെബ്ബര്‍മാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നാമെല്ലാവരും ഒരുമിച്ചിരുന്നുള്ള മുന്നോട്ടുള്ള വഴിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി പാളയത്തിലേക്ക് ചാടുന്നത് ഒരിക്കലും ശരിയായ ഓപ്ഷനല്ല. നമ്മള്‍ ഒരുമിച്ചിരുന്ന് ഈ രാജ്യത്തിന് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ആലോചിക്കണം. കോണ്‍ഗ്രസ് നേതൃത്വം യുവാക്കള്‍ക്ക് ഇടം നല്‍കാന്‍ തയ്യാറല്ലെന്ന് തോന്നുന്നതുകൊണ്ടാണ് ഇത് പറയുന്നത്.
കോണ്‍ഗ്രസിലെ എല്ലാ യുവനേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മികച്ച ഒരു പ്രതിപക്ഷമായി രാജ്യത്ത് നിലകൊണ്ട് വിഷയങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം. സച്ചിന്‍ പൈലറ്റ്, അജോയ് കുമാര്‍ തുടങ്ങി നിരവധി കഴിവുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവഗണന നേരിടുന്നുവെന്ന് ആലോചിച്ച് പ്രത്യോട്ട് ദെബ്ബര്‍മാന്‍ തന്നെ കഴിഞ്ഞ വര്‍ഷം ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനുമായ അജോയ് കുമാറും കഴിഞ്ഞ ഓഗസ്റ്റില്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നിലവില്‍ വീണുകിടക്കുന്ന അവസ്ഥയില്‍ നിന്നും എഴുന്നേറ്റ് ബി.ജെ.പിക്കെതിരെ പോരാടാന്‍ തയ്യാറായില്ലെങ്കില്‍ ഒരു പുതിയ സ്വതന്ത്ര കേന്ദ്രകക്ഷിയെന്ന നിലയില്‍, എല്ലാവര്‍ക്കുമായി ഒരു പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി വരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സിന്ധ്യയ്ക്ക് അത് ലഭിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് ‘അഞ്ച് മാസം മുമ്പ് സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനോട് അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അത് ലഭിച്ചില്ലെന്നുമായിരുന്നു’ ദെബ്ബര്‍മാന്റെ മറുപടി.
എന്നാല്‍ തന്റെ വസതിയില്‍ എല്ലാ സ്വാതന്ത്ര്യവും ഉള്ള നേതാവാണ് സിന്ധ്യയെന്ന് രാഹുല്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് സിന്ധ്യയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അവസരം നല്‍കാതിരുന്നതെന്നും ദെബ്ബര്‍മാന്‍ ചോദിച്ചു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ സ്ഥാനമൊഴിഞ്ഞതുമുതല്‍ പാര്‍ട്ടി ദൈനം ദിന തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും ഇത് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും അറിയാമെന്നും ദെബര്‍മാന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി തന്റെ രാജി കത്തില്‍ ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം, മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയേക്കാള്‍ വലുതായി മക്കളെ കാണുന്നെന്നും പാര്‍ട്ടിയില്‍ താന്‍ ഒറ്റപ്പെടുന്നെന്നും പറഞ്ഞു. വാസ്തവത്തില്‍ അദ്ദേഹം പാര്‍ട്ടിയുടെ പഴയ കാവല്‍ക്കാരെ പരാമര്‍ശിച്ചാണ് അത് പറഞ്ഞത്. രാഹുല്‍ പറഞ്ഞ ആ കാര്യം തന്നെയാണ് ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത്., അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി വിശ്വാസവഞ്ചന നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ രാഹുല്‍ അന്ന് പറഞ്ഞത് സിന്ധ്യയുടെ മകനെ കുറിച്ചോ പൈലറ്റിന്റെ മകനെ കുറിച്ചോ അല്ല പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ച മൂന്ന് നേതാക്കള്‍ ആരാണെന്ന് തനിക്കറിയാമെന്നുമായിരുന്നു ദെബ്ബര്‍മാന്റെ മറുപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ