ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാമായിരുന്നെന്ന് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ബി.ജെ.പിയിലെ ബാക്ക് സീറ്റിലാണ് സിന്ധ്യയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും’, രാഹുല്‍ പറഞ്ഞു.
അവസരങ്ങളുടെ കടലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസില്‍ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്-രാഹുല്‍ പറഞ്ഞു.
‘എഴുതി വച്ചുകൊള്ളൂ, സിന്ധ്യ അവിടെനിന്ന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. അതിന് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരികെ വരണം’ രാഹുല്‍ പറഞ്ഞു. 2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
22 എം.എല്‍.എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Scindia Could Have Been Chief Minister, Now Occupies Last Seat in BJP: Rahul Gandhi