ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്‍നാഥിനെതിരെ സിന്ധ്യയുടെ പരാമര്‍ശം.
‘കമല്‍നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ ഞാന്‍ നായയാണ്. ഇവിടുത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എന്റെ യജമാനന്‍മാരായ ജനങ്ങളെ ഞാന്‍ സംരക്ഷിക്കും- സിന്ധ്യ പറഞ്ഞു.
അതേസമയം സിന്ധ്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് കമല്‍നാഥ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവാണ് പ്രസ്താവന നിഷേധിച്ചത്. ഒരു നേതാവിനെതിരെയും അത്തരം വാക്കുകള്‍ കമല്‍നാഥ് തന്റെ പ്രസംഗങ്ങളില്‍ ഉപയോഗിക്കാറില്ലെന്ന് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
നേരത്തെ കമല്‍നാഥിന്റെ താരപ്രചാരക പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തു മാറ്റിയ സംഭവം ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസമാണ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കിയത്.
28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കിയത്.
നേരത്തെ കമല്‍നാഥ് നടത്തിയ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ കമല്‍നാഥിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് കമല്‍ നാഥിനെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കുന്നതായി കമ്മീഷന്‍ അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഒരാളെ താരപ്രചാരകനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും പാര്‍ട്ടി തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്നും കമല്‍നാഥ് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം താരപ്രചാരകന്‍ എന്നത് ഒരു പദവിയോ തസ്തികയോ അല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനോടുള്ള കമല്‍നാഥിന്റെ ആദ്യ പ്രതികരണം.
താരപ്രചാരകന്‍ എന്നത് ഒരു പദവിയോ തസ്തികയോ അല്ല. തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഒന്നും പറയാനില്ല. നവംബര്‍ പത്തിന് ശേഷമേ ഇനി പ്രതികരിക്കുന്നുള്ളുവെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Jyotiraditya scindia slams former cm kamalnath