ന്യൂദല്‍ഹി: ഇന്ത്യയുള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്ണ തരംഗം വരും കാലങ്ങളില്‍ സാധാരണമായി മാറുമെന്ന് പഠനം.
ആഗോളതാപനത്തിന്റെ നിരക്ക് 1.5 ഡിഗ്രീ സെല്‍ഷ്യസായി നിന്നാലും വരും ദശകങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷന്‍ രാജ്യങ്ങളില്‍ അതി തീവ്ര ഉഷ്ണ തരംഗം അനുഭവപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്.
അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ചൂട് വര്‍ദ്ധിക്കുന്നത് ഇന്ത്യയുടെ പ്രധാന കാര്‍ഷിക ഉത്പാദന കേന്ദ്രങ്ങളിലും പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തീരദേശ മേഖല, നഗര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങളെ അസുരക്ഷിതമാക്കുമെന്നും പഠനത്തില്‍ പറയുന്നു.
ജിയോഫിസിക്കല്‍ റിസേര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടിയ അളവിലാണ് അപകടരമായ താപനിലയിലുള്ള ജനങ്ങളുടെ എക്‌സ്‌പോഷര്‍ എന്നും പഠനത്തില്‍ പറയുന്നു.
ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം ഭാവി ശുഭകരമായി തോന്നുന്നില്ല. പക്ഷേ ചൂട് വര്‍ദ്ധിക്കുന്നത് തടയാനുള്ള നടപടികള്‍ ഇപ്പോഴെ ആരംഭിച്ചാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടാമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
1.5 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ പോലും അത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ട് ഹരിത ഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ വേണമെന്നും പഠനത്തില്‍ പറയുന്നു.