ന്യൂദല്‍ഹി: കൊറോണാ വൈറസ് നിയന്ത്രിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പരിശോധനാ സാമഗ്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗം ഡോ ഗംഗ കെറ്റ്കാര്‍ പറഞ്ഞു.
‘ഇത് വാക്‌സിന്‍ ആണെങ്കില്‍ക്കൂടിയും ക്ലിനിക്കല്‍ പരീക്ഷണങ്ങളും അംഗീകാരങ്ങളും ആവശ്യമാണ്. ഇത് മനുഷ്യശരീരത്തില്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ത്തന്നെയും അതിന് ഒന്നരവര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്’, ഡോ ഗംഗ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊവിഡ് 19ന്റെ വ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച ഇദ്ദേഹം വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
കൊറോണ വൈറസിനെ തരംതിരിച്ചെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. പക്ഷേ, അതിനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ വിജയകരമായിരിക്കുകയാണ്. നിലവില്‍ 11 കൊറോണ വൈറസുകളെ തരംതിരിച്ച് കഴിഞ്ഞു. അതാണ് കൊറോണ വൈറസുമായുള്ള ഏത് തരം ഗവേഷണങ്ങള്‍ക്കും അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഇപ്പോള്‍ നമ്മുടെ പക്കല്‍ വൈറസ് ഉണ്ട്. പരീക്ഷണങ്ങള്‍ ആ അടിത്തറയിലൂന്നി ആരംഭിക്കുന്നതാണ് മറ്റെന്തിനോക്കാളും സുരക്ഷിതം’, അദ്ദേഹം പറഞ്ഞു.
അണുബാധ തടയാന്‍ നിങ്ങള്‍ വാക്‌സിന്‍ തയ്യാറാക്കിയാലും അണുബാധയുണ്ടാകുന്ന സമയത്ത് അതെത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത് ഇത്രത്തോളം കാലതാമസമെടുക്കുന്നതും. അപകട സാധ്യതകളെക്കൂടി പരിഗണിച്ച് മാത്രമേ ഓരോ ഘട്ടവും പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെച്ചാല്‍, ഇവിടെ വൈറസ് ഉണ്ട് എന്നത് തന്നെയാണ്. അതിന്റെ വ്യാപനം തടയാന്‍ പരമാവധി ശ്രമിക്കണം. ഇത് ഉള്‍ക്കൊണ്ട് വാക്‌സിന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി കാത്തിരിക്കാം’, ഡോ ഗംഗ കൂട്ടിച്ചേര്‍ത്തു.
വൈറസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പഠനവിധേയമാക്കുന്നുണ്ട്. നിലവില്‍ പൂര്‍ണമായും സ്ഥിരീകരിക്കപ്പെട്ട പഠനങ്ങളൊന്നും ലഭ്യമല്ല. കൂടിയ ഊഷ്മാവില്‍ വൈറസിന് അതിജീവിക്കാന്‍ സാധിക്കില്ലെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന പഠനങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ