ന്യൂദല്‍ഹി: കൊറോണാ വൈറസ് നിയന്ത്രിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പരിശോധനാ സാമഗ്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗം ഡോ ഗംഗ കെറ്റ്കാര്‍ പറഞ്ഞു.
‘ഇത് വാക്‌സിന്‍ ആണെങ്കില്‍ക്കൂടിയും ക്ലിനിക്കല്‍ പരീക്ഷണങ്ങളും അംഗീകാരങ്ങളും ആവശ്യമാണ്. ഇത് മനുഷ്യശരീരത്തില്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ത്തന്നെയും അതിന് ഒന്നരവര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്’, ഡോ ഗംഗ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊവിഡ് 19ന്റെ വ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച ഇദ്ദേഹം വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
കൊറോണ വൈറസിനെ തരംതിരിച്ചെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. പക്ഷേ, അതിനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ വിജയകരമായിരിക്കുകയാണ്. നിലവില്‍ 11 കൊറോണ വൈറസുകളെ തരംതിരിച്ച് കഴിഞ്ഞു. അതാണ് കൊറോണ വൈറസുമായുള്ള ഏത് തരം ഗവേഷണങ്ങള്‍ക്കും അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഇപ്പോള്‍ നമ്മുടെ പക്കല്‍ വൈറസ് ഉണ്ട്. പരീക്ഷണങ്ങള്‍ ആ അടിത്തറയിലൂന്നി ആരംഭിക്കുന്നതാണ് മറ്റെന്തിനോക്കാളും സുരക്ഷിതം’, അദ്ദേഹം പറഞ്ഞു.