മേപ്പാടി: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത മേഖലയില്‍ ശാസ്ത്രഞ്ജര്‍ക്ക് വിലക്ക്. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി സന്ദര്‍ശിക്കരുതെന്നാണ് പറഞ്ഞത്.
ശാസ്ത്രഞ്ജര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കക്കരുതെന്നും മുന്‍ പഠനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ദുരന്തത്തില്‍ തകര്‍ന്നു പോയ മുണ്ടക്കൈ പാലത്തിന് ബദലായാണ് താത്കാലിക പാലത്തിന്റെ നിര്‍മിച്ചത്. പാലം രക്ഷാപ്രവര്‍ത്തന രംഗത്ത് വലിയ സഹായകമാവും.
ഇന്ന് വൈകുന്നേരത്തോടെ പണി പൂര്‍ത്തിയായത്. പാലത്തിലൂടെയുള്ള സൈനിക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. ആദ്യം സൈന്യത്തിന്റെ വാഹനമാണ് കടന്നുപോയത്.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു.
240 പേരെ ഇപ്പോഴും കാണാനില്ല. മുണ്ടക്കൈയില്‍ തകര്‍ന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവര്‍ അകപ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്.