Health
കൊഞ്ചും നാരങ്ങവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കുമോ?'; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളെ ശാസ്ത്രം പൊളിച്ചെഴുതുന്നു
ഗോപിക
2018 May 08, 09:13 am
Tuesday, 8th May 2018, 2:43 pm

പുരോഗമനവാദികളെന്നും ശാസ്ത്രാവബോധമുള്ള ജനതയെന്നും സ്വയം പരിചയപ്പെടുത്തുന്ന കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ അബദ്ധപ്രചരണങ്ങള്‍ ഇന്ന് നിരവധിയാണ്. അത്തരമൊരു പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കപ്പെട്ടത്.

മലയാളികളുടെ പ്രിയ വിഭവമായ കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ ടോക്‌സിക് സംയുക്തങ്ങള്‍ ഉണ്ടായി മരണകാരണമാകാം എന്ന രീതിയിലുള്ള ഒരു വാര്‍ത്തയാണ് പ്രചരിച്ചത്. ഇതുമായി ബന്ധമുള്ളതാണ് പാരമ്പര്യവാദികള്‍ ഉന്നയിക്കുന്ന മീന്‍ കഴിക്കുന്നതിനോടൊപ്പം മോരും നാരങ്ങാവെള്ളവും ഒരുമിച്ചുകഴിക്കരുതെന്നുള്ള പ്രചരണവും.


ALSO READ: ആരോഗ്യരംഗത്ത് ഇനിയും ദീര്‍ഘദൂരം മുന്നേറേണ്ടിയിരിക്കുന്നു കേരളം


ഇനി ഇതിന് ഇവര്‍ നല്‍കുന്ന വിശദാംശങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലയെന്നത് മറ്റൊരു വസ്തുത. മീനും മോരും വിരുദ്ധാഹാരമാണെന്നും മീനിന്റെയും കടല്‍ ജീവികളുടെയും മുള്ളിന്റെ ഭാഗമായി കാല്‍സ്യം ആഴ്സനേറ്റ് ഉണ്ടെന്നും അതുകൊണ്ട് മോരും മീനും നാരങ്ങാവെള്ളവും ഒക്കെ ഒരുമിച്ചു കഴിച്ചാല്‍ ശരീരത്തിലെത്തുന്ന ആഴ്സെനിക് (Arsenic) മനുഷ്യന്റെ ജീവനാപത്താണെന്നും മറ്റുമുള്ള നിരവധി അബദ്ധപ്രചാരണങ്ങളാണ് ഇന്ന് കേരള സമൂഹത്തില്‍ നടക്കുന്നത്. ഇതിന് ഒരു മറുപടിയെന്നോളം ഇത്തരം വ്യാജപ്രചരണങ്ങളെ ശാസ്ത്രീയമായി തന്നെ വിശദീകരിക്കുകയാണ് ഡോ. ജിനേഷ്.പി.എസ്.

മീനും മോരോ നാരങ്ങാവെള്ളമോ ഒരുമിച്ചുപയോഗിച്ചാല്‍ ആഴ്സെനിക് മൂലം മരണം സംഭവിക്കുമോ ?

ആഴ്സെനിക് എന്ന രാസവസ്തു പ്രകൃതിയില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുകയും ഭക്ഷണം, വെള്ളം എന്നിങ്ങനെ പല ഉറവിടങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ വളരെ ചെറിയ അളവില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ്. അത്തരത്തില്‍ ശരീരത്തിലെത്തുന്ന ഏതൊരു വസ്തുവും ഹാനികരമാവുന്നത് നിരവധി ഘടകങ്ങളെ ആസ്പദമാക്കിയാണ്.

അതില്‍ അതിപ്രധാനമായ ചിലതാണ് ശരീരത്തിനുള്ളിലെത്തുന്ന വസ്തുവിന്റെ അളവും, ശരീരം എത്ര നാള്‍ ഈ വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതും. ഓര്‍ഗാനിക് രൂപത്തില്‍ ഭക്ഷ്യ വസ്തുക്കളിലൂടെ ചെറിയ അളവില്‍ ശരീരത്തിലെത്തുന്ന ആഴ്സെനിക് സാധാരണഗതിയില്‍ ശരീരത്തിന് ഹാനികരമാവില്ല.


MUST READ: സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ ?


വളരെ ഉയര്‍ന്ന അളവില്‍ സ്ഥിരമായി വളരെ കാലത്തേക്ക് കഴിക്കുക ആണെങ്കില്‍ മാത്രമേ തത്വത്തില്‍ പോലും അത്തരമൊരു സാധ്യത ആരോപിക്കാന്‍ കഴിയൂ എന്നാണ് ഡോ. ജിനേഷ്.പി.എസ് പറയുന്നത്.

ഉദാഹരണമായി നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ശുക്ലത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം ഉണ്ട് എന്നുള്ളതിന് ശാസ്ത്രീയ അടിത്തറയുണ്ട്. എന്നുകരുതി ശുക്ലത്തില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കാന്‍ സാധിക്കില്ലല്ലോ. ശരീരത്തില്‍ സ്വര്‍ണ്ണം മാത്രമല്ല പല മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. പലതും വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല.

ആഴ്‌സെനിക് പ്രചരണത്തിന്റെ സത്യാവസ്ഥ

കൊഞ്ച്, മോര് എന്നിവ കഴിക്കുന്നതിലൂടെ ആഴ്‌സെനിക് ശരീരത്തില്‍ വര്‍ധിക്കുമെന്ന പ്രചരണം 1985 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ ചുവടുപിടിച്ചാണ് പുറത്തുവന്നതെന്നാണ് ഡോ. ജിനേഷിന്റെ നിരീക്ഷണം. ആഴ്സെനിക് ഉള്ള ഷെല്‍ ഫിഷും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍സനിക്ക് പെന്റൊക്‌സൈഡ് രാസപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ദോഷകരമായ ആര്‍സനിക് ട്രൈഓക്‌സൈഡ് ആയി മാറാം എന്നായിരുന്നു ആ പഠനം. താത്വികതലത്തിനും അപ്പുറം പ്രായോഗികതലത്തില്‍ ഇത്തരം ഒന്ന് സംഭവിച്ചതായോ, ഒരു നേരം സാധാരണ അളവില്‍ ഇത്തരമൊരു ഭക്ഷണം കഴിച്ചാല്‍ അല്‍പ സമയം കൊണ്ട് ആളുകള്‍ മരിക്കാമെന്നോ ആ പഠനം പറയുന്നില്ല.


READ MORE:മഴക്കാല രോഗങ്ങള്‍ക്ക് സര്‍ക്കാറിന്റെ ‘ജാഗ്രത’; കോളറ വരുന്ന വഴി നിയന്ത്രിക്കണമെന്ന് ഇതര സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ കത്ത്


ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍ ഇത്തരമൊരു ഭക്ഷണക്രമം തുടര്‍ന്നാല്‍ ആഴ്സെനിക്കിന്റെ ദോഷഫലങ്ങള്‍ (ഉദാ: ക്യാന്‍സര്‍ പോലുള്ളവ) ഉണ്ടായേക്കാം എന്ന സൂചന മാത്രമാണ് പഠനം നല്‍കിയത്. എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികതയെ സ്ഥിരീകരിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ ഉള്ള കേസുകള്‍ മെഡിക്കല്‍ രംഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇത്തരമൊരു സാധ്യത വാദത്തിനായി എടുത്താല്‍ പോലും രോഗമുണ്ടാകണമെങ്കില്‍ അമിത അളവില്‍ മീനും നാരങ്ങാ നീരും കഴിക്കേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍, നൂറു കണക്കിന് കിലോയ്ക്ക് മുകളില്‍ മീനും ലിറ്റര്‍ കണക്കിന് നാരങ്ങാ നീരും കഴിക്കേണ്ടി വരും ശരീരത്തില്‍ അപകടകരമായ പ്രഭാവം ചെലുത്താന്‍ പോന്ന അളവില്‍ ആഴ്സെനിക് ശരീരത്തില്‍ എത്തിക്കാന്‍.


ALSO READ: മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം: മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍, വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍


ഓര്‍ഗാനിക് രൂപത്തില്‍ അല്ലാത്ത ആഴ്സെനിക് ഉയര്‍ന്ന അളവില്‍ പെട്ടന്ന് ഒരാളുടെ ഉള്ളില്‍ എത്തിയാല്‍ തലവേദന, മാന്ദ്യം, തലകറക്കം, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാവാം. ചെറിയ അളവില്‍ ദീര്‍ഘകാലം ഉള്ളില്‍ ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍, അപസ്മാരബാധ, നഖങ്ങളില്‍ ഉണ്ടാവുന്ന നിറം മാറ്റം, മുടി കൊഴിച്ചില്‍, തൊലിപ്പുറത്തു ഉണ്ടാവുന്ന കുമിളകള്‍ എന്നിവയില്‍ തുടങ്ങി കാന്‍സര്‍ രോഗം വരെയാകം. ആത്യന്തികമായി മരണം വരെ സംഭവിക്കാമെന്നും ഡോ. ജിനേഷ് നിരീക്ഷിക്കുന്നു.

ഇത്തരത്തില്‍ നടക്കുന്ന പല വ്യാജപ്രചരണങ്ങളും ആരോഗ്യമേഖലയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. മീനും മോരും നാരങ്ങാവെള്ളവും ഒരുമിച്ച് ഉപയോഗിച്ചാല്‍ ടോക്‌സിക് സംയുക്തങ്ങള്‍ ഉണ്ടായി മരണം സംഭവിക്കില്ല. എന്നാല്‍ ഇവ കഴിക്കുന്നതിലൂടെ സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു കാര്യമുണ്ട്. അതിനെ അനാഫിലാക്‌സിസ് അഥവാ ശരീരത്തിന് അപകടകരമായ അലര്‍ജി എന്നാണ് പറയുന്നത്. അതല്ലാതെ കൊഞ്ചും മോരും ഒരുമിച്ച് കഴിക്കുന്നതിലൂടെയൊ മീനും നാരങ്ങവെള്ളവും ഉപയോഗിക്കുന്നതിലൂടെയോ മരണം സംഭവിക്കില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും ഇതിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തെറ്റാണെന്നും ഡോ. ജിനേഷ് പറയുന്നു.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.