|

ശാസ്ത്രം ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്ന്; ശാസ്ത്രജ്ഞരുടെ ഇഷ്ട ഭാഷ സംസ്‌കൃതം: ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ശാസ്ത്രം ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്നാണെന്ന വാദവുമായി ഐ.എസ്.ആര്‍.ഒ ചെയര്‍പേഴ്‌സണ്‍ എസ്. സോമനാഥ്. വേദങ്ങളില്‍ നിന്ന് ആരംഭിച്ച സയന്‍സ് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാഋഷി പാണിനി സംസ്‌കൃത-വേദിക് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ബിരുദധാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബീജഗണിതം, വര്‍ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി കാണപ്പെട്ടത് വേദങ്ങളിലാണ്. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തി. പിന്നീട് പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെടുകയായിരുന്നു,’ സോമനാഥ് പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ സംസ്‌കൃത ഭാഷയായിരുന്നു ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കാലത്ത് ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ചത് സംസ്‌കൃതമായിരുന്നു. അന്ന് സംസ്‌കൃതത്തിന് ലിപി ഇല്ല. ശ്രദ്ധയോടെ കേട്ട് മനപ്പാഠമാക്കുകയായിരുന്നു അന്ന് ചെയ്തത്. അതുകൊണ്ടാണ് ഈ ഭാഷ നിലനില്‍ക്കുന്നത്.

എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും സംസ്‌കൃതത്തെ ഇഷ്ടപ്പെടുന്നു. കമ്പ്യൂട്ടര്‍ ഭാഷയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും അനുയോജ്യമാണ് സംസ്‌കൃത ഭാഷ. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യക്ക് വേണ്ടി സംസ്‌കൃതത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പലതിനും നിലവില്‍ നല്ല പുരോഗതിയുണ്ട്.

സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഇന്ത്യന്‍ സാഹിത്യം സമ്പന്നമാണ്. ശാസ്ത്ര രൂപത്തിലും സംസ്‌കൃതത്തിന് പ്രധാന്യമുണ്ട്. സംസ്‌കൃതത്തില്‍ നിന്ന് സംസ്‌കാരം, ആത്മീയത, ശാസ്ത്രം എന്നിവ വേര്‍തിരിക്കാന്‍ പറ്റില്ല.

ജ്യോതിശാസ്ത്രത്തിലെ കണ്ടെത്തലുകള്‍, മരുന്നുകള്‍, ശാസ്ത്രങ്ങള്‍, ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, എയറോനോട്ടിക്കല്‍ സയന്‍സസ് തുടങ്ങിവയെല്ലാം സംസ്‌കൃതത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സോമനാഥ് ഉദാഹരണമായി എട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്ന് കരുതുന്ന ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള പുസ്തകമായ സൂര്യ സിദ്ധാന്തയെ കുറിച്ച് സംസാരിച്ചു.

ഒരു റോക്കറ്റ് ശാസ്ത്രജ്ഞനെന്ന നിലയില്‍ സൗരയൂഥത്തെ കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലുപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ഈ പുസ്തകം തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

content highlight: Science originated from the Vedas; Language of choice for scientists: Sanskrit: ISRO