| Friday, 2nd May 2014, 8:57 am

സയന്‍സ് എഡിറ്ററോട് കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യേണ്ടെന്ന് അമേരിക്കന്‍ ന്യൂസ് ചാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] അമേരിക്ക: അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസില്‍ സയന്‍സിന്റെ ഭാവി ആസ്പദമാക്കി ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ സയന്‍സ് ലേഖകന് ഒരു മുന്നറിയിപ്പും നല്‍കി- കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് മിണ്ടരുത്.

അമേരിക്കന്‍ സയന്‍സ് മാസികയായ സയിന്റിഫിക് അമേരിക്കനിലെ എഡിറ്ററായ മൈക്കള്‍ മോയറാണ് പരിപാടിയില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കരുതെന്ന് നിര്‍ദേശിച്ചെന്ന് പറഞ്ഞത്. തന്റെ ബ്ലോഗിലൂടെയാണ് മോയര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

സയന്‍സിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് തന്നെ ക്ഷണിച്ചത്. അടുത്ത 50 വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം കൂടുതല്‍ രൂക്ഷമാവും എന്ന കാര്യമാണ് ശാസ്ത്ര സമൂഹം നോക്കി കാണുന്നത് എന്നത് ഉറപ്പാണ്. ഇതുമൂലമുണ്ടാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ച നടത്തേണ്ടതുമാണ്.

അതിനാല്‍ തന്നെ ഈ വിഷയം പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പരിപാടിയുടെ പ്രൊഡ്യൂസര്‍ എന്നെ സമീപിച്ച് ആ വിഷയം ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞു- മോയര്‍ തന്റെ ബ്ലോഗിലൂടെ വിവരിക്കുന്നു.

അതേ സമയം മോയറിന്റെ പ്രസ്താവനകളെ എതിര്‍ത്തുകൊണ്ട് ഫോക്‌സ് ന്യൂസ് രംഗത്തെത്തി. കാലവസ്ഥ വ്യതിയാനം പ്രതിപാദിക്കുന്നതിനെക്കുറിച്ച്  അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് ഫോക്‌സ് ന്യൂസിന്റെ ഭാഷ്യം. ഇതാദ്യമായല്ല കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഫോക്‌സ് ന്യൂസിന് നേരെ ചോദ്യമുയരുന്നത്.

യഥാസ്ഥിതിക മാധ്യമങ്ങള്‍ 72 ശതമാനത്തോളം അയഥാര്‍ഥ വിവരങ്ങളാണ് കാലാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് അടുത്തിടെയുണ്ടായ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more