മോദി സര്‍ക്കാര്‍ ധനസഹായം തടഞ്ഞതോടെ നൂറ്റാണ്ടിലാദ്യമായി ശാസ്ത്ര കോണ്‍ഗ്രസ് മുടങ്ങി; ആര്‍.എസ്.എസ് പരിപാടിയെ സഹായിക്കാനെന്ന് റിപ്പോര്‍ട്ട്
national news
മോദി സര്‍ക്കാര്‍ ധനസഹായം തടഞ്ഞതോടെ നൂറ്റാണ്ടിലാദ്യമായി ശാസ്ത്ര കോണ്‍ഗ്രസ് മുടങ്ങി; ആര്‍.എസ്.എസ് പരിപാടിയെ സഹായിക്കാനെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2024, 8:11 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായം ലഭിക്കാതായതോടെ നൂറ്റാണ്ടിലാദ്യമായി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് മുടങ്ങി. 2021,2022 വര്‍ഷങ്ങളില്‍ കൊവിഡ് കാരണം പരിപാടി നടത്തിയിരുന്നില്ലെങ്കിലും ഈ വര്‍ഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് പണം ലഭിക്കാതായതോടെയാണ് പരിപാടി മുടങ്ങിയത്. 108 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുന്ന അവസ്ഥയുണ്ടാകുന്നത്.

ജനുവരി മൂന്ന് മുതല്‍ അഞ്ച് ദിവസമാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനമായിരുന്നു ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ സംഘടിപ്പിക്കാറുള്ള ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്.

കേന്ദ്രസര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യു.പിയിലെ ലഖ്‌നൗവിന് പകരം ജലന്ധറിലെ ലവ്‌ലി സര്‍വകലാശാലയിലേക്ക് ഈ വര്‍ഷത്തെ ശാസ്ത്രകോണ്‍ഗ്രസിന്റെ വേദി മാറ്റിയതാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച്‌ കോടി രൂപയാണ് പരിപാടിയുടെ നടത്തിപ്പിനായി നേരത്തെ സര്‍ക്കാര്‍ അനുവദിക്കാന്‍ തയ്യാറായിരുന്നത്. എന്നാല്‍ യു.പിയില്‍ നിന്ന് വേദി മാറ്റിയതോടെ സഹായം നല്‍കേണ്ടെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. നിരവധി ശാസ്ത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ നടക്കാതെ പോകുന്നത്. എന്നാല്‍ ജനുവരിയില്‍ നടത്താന്‍ കഴിയില്ലെങ്കിലും ഈ വര്‍ഷം മാര്‍ച്ചിന് മുമ്പ് തന്നെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഐ.എസ്.സി.എ അധികൃതര്‍ അറിയിച്ചു.

അതേ സമയം ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിജ്ഞാന്‍ ഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരിപാടിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഒരു നൂറ്റാണ്ടിലധികമായി നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസിന് ഫണ്ട് നല്‍കാതിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിത്തിനെയും ഐതീഹ്യങ്ങളെയും ശാസ്ത്രമെന്ന ലേബലില്‍ അവതരിപ്പിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിഞ്ജാന്‍ ഭാരതി. സിന്ധുനദീതട സംസ്‌കാരത്തില്‍ ആര്യവംശജരുടെ അധിനിവേശം ഉണ്ടായിട്ടില്ലെന്നും അക്കാലത്തെ ജനങ്ങള്‍ സംസ്‌കൃതമാണ് സംസാരിച്ചിരുന്നത് എന്നും പറഞ്ഞ സംഘടന കൂടിയാണ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിജ്ഞാന്‍ ഭാരതി. ജനുവരി 17 മുതലാണ് ഇവര്‍ സംഘടിപ്പിക്കുന്ന 11ാമത് സയന്‍സ് ഫെസ്റ്റിവല്‍.

content highlights: Science Congress stalled for first time in century as Modi govt freezes funding; Report to help RSS programme