ഷൂമാക്കറുടെ ചികിത്സാരേഖകള്‍ മോഷണം പോയി
Daily News
ഷൂമാക്കറുടെ ചികിത്സാരേഖകള്‍ മോഷണം പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2014, 12:35 pm

[] ജനീവ: സ്‌കീയിങിനെ അപകടം സംഭവിച്ച് ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിഞ്ഞ മുന്‍ ഫോര്‍മുലവണ്‍ താരം മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണം പോയി. കുറച്ച് ദിവസമായി ഈ രേഖകള്‍ വില്‍പ്പനയ്‌ക്കെന്ന പേരില്‍ പ്രചരിച്ചെന്നും ഷൂമാക്കറുടെ മാനേജര്‍ സെബൈന്‍ കെം അറിയിച്ചു.

ഷുമാക്കറുടെ ചികിത്സയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ വില്‍ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ക്രമിനില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ മാനേജര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് യഥാര്‍ത്ഥ രേഖകള്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും എന്നാല്‍ ചികിത്സാ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷൂമാക്കറെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചില്ല. കഴിഞ്ഞ ഡിസംബറില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ വീണ് ഷുമാക്കറുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിഞ്ഞ അദ്ദേഹം അടുത്തിടെയാണ് ബോധം വീണ്ടെടുത്തത്.

ഈ മാസം 16 ന് അദ്ദേഹത്തെ ഫ്രാന്‍സിലെ ആശുപത്രിയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ റീഹാബിലിറ്റേഷന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഏഴ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായിരുന്നു ജര്‍മ്മന്‍കാര്‍ ഷൂമാക്കര്‍.