| Monday, 16th June 2014, 5:20 pm

ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പാരീസ്: സ്‌കീയിങിനിടെ വീണ് പരിക്കേറ്റ് കഴിഞ്ഞ ആറുമാസമായി ആശുപത്രിയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.

അബോധാവസ്ഥയിലായിരുന്ന ഷൂമാര്‍ക്കര്‍ക്ക് ബോധം തിരികെ ലഭിച്ചതായി ആശുപത്രി അധികൃതരും വ്യക്തമാക്കി. ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നതിനായി രഹസ്യമായ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ഷൂമാക്കറിന് ചികിത്സ തുടരുമെന്ന് അദ്ദേഹത്തിന്റെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിങിനിടെയാണ് ഷൂമാക്കറിന് അപകടം സംഭവിച്ചത്.  സ്‌കീയിങിനിടെ പര്‍വതനിരയ്ക്കു സമീപത്തെ പാറക്കൂട്ടത്തില്‍ തലയടിച്ച് വീഴുകയായിരുന്നു. അന്നു മുതല്‍ അബോധാവസ്ഥയിലായ ഷൂമാക്കര്‍ ഗ്രനോബിളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയകള്‍ക്കും അദ്ദേഹത്തെ  വിധേയനാക്കിയിരുന്നു. ഏഴ് തവണ ഫോര്‍മുലാ വണ്‍ കാറോട്ട മത്സരത്തില്‍ വിജയിച്ച വ്യക്തിയാണ് ഷൂമാക്കര്‍. കാറോട്ട മത്സരത്തിലെ ഇതിഹാസ താരമായ ഷൂമാക്കര്‍ ഇതുവരെ 91 മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more