| Tuesday, 8th September 2020, 9:12 pm

സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമ്പതാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം പുനരാംരംഭിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കുട്ടികള്‍ക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുമാത്രമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടുളളൂ. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തില്‍ അടച്ചിരുന്നു. വേനലവധിയ്ക്ക് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവരുന്നത്.

രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഏറെ ആശങ്കകള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

രാജ്യത്ത് ഇന്ന് 75,809 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ആകെ കൊവിഡ് കേസുകളില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. ഇതുവരെ 42.80 ലക്ഷം ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 7 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ മാത്രം രാജ്യത്ത് 20 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,133 പേരാണ് ചൊവ്വാഴ്ച്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Schools to reopen from september 21 for classes 9 to 12

Latest Stories

We use cookies to give you the best possible experience. Learn more