കുട്ടനാട്ടിലെ ക്യാമ്പുകളിലും വീടുകളിലും ചെന്നാല്‍ നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്. “ഞങ്ങളുടെ പാഠപുസ്തകം കിട്ടോ”.. പ്രളയജലം കൊണ്ടു പോയ പാഠപുസ്തകളും പഠനോപകരണങ്ങളും യൂണിഫോമും വീണ്ടും കിട്ടാന്‍ കാത്തിരിക്കുകയാണ് കുട്ടനാട്ടിലെ കുട്ടികള്‍. രണ്ട് മാസത്തെ അധ്യായനമാണ് ഈ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്.
വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ രേഖകളും പഠനോപകരണങ്ങളും നശിച്ചു പല സ്‌കൂളുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ലെങ്കിലും ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെ നല്‍കി അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കുട്ടനാട്ടില്‍ 116 സ്‌കൂളുകളാണ് ഉള്ളത്. പല സ്‌കൂളുകളിലും ജൂലൈ പകുതി മുതല്‍ വെള്ളം കയറി.
രണ്ട് മാസം അധ്യായനം മുടങ്ങി. ആഗസ്ത് മാസത്തിലെ വെള്ളപ്പൊക്കത്തില്‍ കൈനകരിയിലെ എല്ലാ സ്‌കൂളുകളിലും വെള്ളം കയറി.പല സ്‌കൂളുകളിലും വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ ശുചീകരണം നടത്തി ക്ലാസ്സ് ആരംഭിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ടവര്‍ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നഷ്ടപ്പെട്ട പാഠഭാഗങ്ങള്‍ പകര്‍ത്തിയെഴുതുകയാണ് കുട്ടികള്‍. മാനസികമായി തകര്‍ന്ന കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ആത്മവിശ്വാസത്തോടെ അധ്യാപകരും പുഞ്ചിരിയോടെ കുട്ടികളും പ്രളയാനന്തര ജീവിതത്തെ നേരിടുന്നു.