| Thursday, 24th February 2022, 9:11 am

'മാന്യമായ വസ്ത്രം ധരിക്കണം'; ഹിജാബ് വിവാദത്തിനിടയില്‍ രക്ഷിതാക്കള്‍ക്കും ഡ്രസ് കോഡ് ഏര്‍പ്പെടുത്തി കര്‍ണാടകയിലെ സ്‌കൂളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം തുടരുന്നതിനിടയില്‍ രക്ഷിതാക്കള്‍ക്കും ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സ്വകാര്യ സ്‌കൂളുകള്‍. വിദ്യാര്‍ത്ഥികളെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടു പോകാനും അനൗപചാരിക വസ്ത്രങ്ങള്‍ അണിഞ്ഞ് രക്ഷിതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബര്‍മുഡ, ട്രൗസേഴ്‌സ്, സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ട്രാക്ക് പാന്റ്‌സുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, നെറ്റ് വസ്ത്രങ്ങള്‍, വീട്ടിലിടുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ ധരിച്ച് സ്‌കൂളുകളില്‍ വരരുത് എന്ന് രക്ഷിതാക്കള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ബെംഗളൂരുവിലെ ജയനഗറില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളികളിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ ഔപചാരിക വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ജയനഗറിലെ സ്വകാര്യ പ്രൈമറി സ്‌കൂള്‍ നിര്‍ദേശിച്ചത്.

കുട്ടികളെ കൊണ്ടുപോകാനായി എത്തുന്ന രക്ഷിതാക്കള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മറ്റു കുട്ടികള്‍ക്കും ചില രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടാണെന്നും നൈറ്റ് ഡ്രസ് പോലും ധരിച്ച് ചിലര്‍ എത്താറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു.

എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അധികൃതര്‍ക്ക് ഇങ്ങനെയൊരു സര്‍ക്കുലര്‍ പുറത്തിറക്കാന്‍ അധികാരമില്ലെന്നും ഒരു വിഭാഗം രക്ഷിതാക്കള്‍ വാദിച്ചു.

അതേസമയം രക്ഷിതാക്കള്‍ സ്‌കൂളില്‍ വരുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും ബര്‍മുഡ പോലുള്ള വസ്ത്രങ്ങള്‍ ആരാധനാലയങ്ങളില്‍ വിലക്കിയിട്ടുള്ളപ്പോള്‍ സ്‌കൂളുകളില്‍ ഇതെങ്ങനെയാണ് അനുവദനീയമാകുന്നതെന്നും അസോസിയേറ്റ് മാനേജ്‌മെന്റ്‌സ് ഓഫ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ ജനറല്‍ സെക്രട്ടരി ഡി. ശശി കുമാര്‍ പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് പരിഗണിക്കുക. കോളജുകള്‍, സി.ഡി.സികള്‍ എന്നിവരുടെ വാദമാണ് ഇന്നുണ്ടാവുക.

കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാറിന് ഇന്നലെ, ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് എ.ജി പ്രഭുലിംഗ് നാവദഗി കോടതിയെ അറിയിച്ചിരുന്നത്. ഹിജാബ് വിവാദത്തിന് പിന്നില്‍ കാമ്പസ് ഫ്രണ്ടാണെന്ന ഉഡുപ്പി പി.യു കോളജിന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദ്ദേശം.


Content Highlight: Schools in Karnataka have introduced a dress code for parents

Latest Stories

We use cookies to give you the best possible experience. Learn more