ന്യൂയോര്‍ക്ക്: ടിക് ടോക് വഴി ആക്രമണ ഭീഷണികള്‍ ലഭിച്ചതിനാല്‍ അമേരിക്കയില്‍ സ്‌കൂളുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി സ്‌കൂള്‍ അധികൃതര്‍.
സ്‌കൂളുകളില്‍ ബോംബ് സ്‌ഫോടനവും വെടിവെപ്പുമടക്കമുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാവുമെന്ന് ടിക് ടോക് പോസ്റ്റുകളിലൂടെ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
മിഷിഗണിലെ സ്‌കൂളില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ ഈ ടിക് ടോക് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഇത് സ്‌കൂള്‍ അധികൃതരിലും മാതാപിതാക്കളിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
അരിസോമ, മൊണ്‍ടാന, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അജ്ഞാത സ്രോതസില്‍ നിന്നുമാണ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്.
അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിവെപ്പ് അടക്കമുള്ള സംഭവങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തോക്കുമായി സഹപാഠികളെ വെടിവെച്ചതും ജീവഹാനി സംഭവിച്ചതുമായ നിരവധി സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും ഒടുവിലായി മിഷിഗണിലായിരുന്നു ഇത്തരത്തില്‍ കേസ് റിപ്പോര്‍ട്ട് ചെയതത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ കുറച്ചുദിവസം മുമ്പുണ്ടായ വെടിവെപ്പില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും
എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
15കാരനായ വിദ്യാര്‍ഥി തന്നെയായിരുന്നു സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Schools in America step up to high security as attack threats appear on tik tok posts