ദമാസ്‌കസ്: യുദ്ധത്തിലും ഭൂകമ്പത്തിലും നാശനഷ്ടം സംഭവിച്ച സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ സിറിയന്‍ കുരുന്നകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും പ്രത്യാഘാതങ്ങളെയും അതിജീവിച്ച് വിദ്യാലയങ്ങളിലേക്ക്. ദാരിദ്ര്യ രേഖക്ക് കീഴിലുള്ള 90 ശതമാനം ആളുകള്‍ ജീവിക്കുന്ന സിറിയന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ദീര്‍ഘ നാളുകള്‍ക്ക് ശേഷം വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തിയത്.
എന്നാല്‍ യുദ്ധത്തിലും ഭൂകമ്പത്തിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനാല്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ ക്ലാസ് റൂമുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ സന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോമുകള്‍ നിര്‍ബന്ധമാക്കരുതെന്ന് സിറിയയിലെ വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണക്കുകള്‍ പ്രകാരം 2023-24 അധ്യയന വര്‍ഷത്തില്‍ 37 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തുടനീളമുള്ള 14,505 വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തിയത്.
2011ല്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. യുദ്ധാനന്തരം നിരവധിയാളുകളുടെ ജീവന്‍ അപഹരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തുനിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. രക്തരൂക്ഷിത സംഘര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാജ്യത്തെ നയിച്ചു.
തുടര്‍ന്ന് പ്രകൃതി ദുരന്തവും സിറിയന്‍ പ്രദേശങ്ങളെയും ജനതയെയും ബാധിച്ചു. യുദ്ധത്തിന്റെയും ഭൂകമ്പത്തിന്റെയും പ്രത്യാഘാതം സിറിയയിലെ വിദ്യാഭ്യാസ സൗകര്യങ്ങളെ പ്രത്യേകമായി ബാധിക്കുകയായിരുന്നു. നിരവധി സ്‌കൂളുകള്‍ നശിപ്പിക്കപ്പെടുകയും മറ്റുള്ളവ അഭയകേന്ദ്രങ്ങളായി മാറുകയും ചെയ്തു.
എന്നാല്‍ 2023 ഫെബ്രുവരിയില്‍ നടന്ന ഭൂകമ്പത്തിന് മുമ്പ് തന്നെ മൂന്നിലൊന്ന് സ്‌കൂളുകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് യുനിസെഫ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ലഭിച്ചിരിക്കുന്ന ഫണ്ട് അനുസരിച്ച് തകര്‍ന്ന് കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനക്രമീകരിക്കുന്നതിനായി യുനിസെഫിനും എജ്യൂക്കേഷന്‍ സംഘടനകള്‍ക്കും കുറഞ്ഞത് മുപ്പത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും യുനിസെഫ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാലയങ്ങളില്‍ പോകാന്‍ പ്രായമെത്തിയ 24 ദശലക്ഷം കുട്ടികള്‍ നിരക്ഷരരായി തുടരുകയാണെന്നും 16 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വകയില്ലാത്തതിനാലും കുടുംബം ദാരിദ്ര്യത്തില്‍ വലയുന്നതിനാലും പല വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമായി പഠനം അവസാനിപ്പേക്കേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ചുവെങ്കിലും സിറിയയിലെ 14 പ്രവിശ്യകളില്‍ ഏഴ് പ്രദേശങ്ങള്‍ ദമാസ്‌കസിന്റെ നിയന്ത്രണത്തിന് പുറത്താണ്.
അതേസമയം, സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Content Highlights: Schools are back in Syria