| Tuesday, 24th November 2020, 8:31 pm

സ്‌കൂളുകളും കോളെജുകളും ഉടന്‍ തുറക്കില്ല; തീരുമാനം വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളെജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോഗ്യവിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവെന്ന് കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പൊതുപരീക്ഷ വഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌കൂളുകളും കോളെജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. അതേസമയം ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ക്ലാസ്സുകള്‍ തുടങ്ങുന്ന കാര്യം സംശയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യം തീരുമാനിക്കും.

കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്തണം. 100 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു.
അതേസമയം കല്യാണ വീടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മാറ്റമില്ല. നിലവില്‍ കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം

പൊതുയോഗങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. അതേസമയം 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4693 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 598 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

5149 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 59983 സാംപിളുകളാണ് പരിശോധിച്ചത്. 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗബാധയുടെ അടുത്തഘട്ടം പ്രതീക്ഷിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Schools And Colleges Wont Open Soon

We use cookies to give you the best possible experience. Learn more