| Wednesday, 17th November 2021, 9:19 am

സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നു, ജോലിസ്ഥലങ്ങളില്‍ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം; ദല്‍ഹിയെ വിഴുങ്ങി വായുമലിനീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലേയും തൊട്ടടുത്ത നഗരങ്ങളിലേയും സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ദല്‍ഹിയിലെ വായുമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ ലോക്ഡൗണ്‍ സമയത്തേത് പോലെ ഓണ്‍ലൈന്‍ ക്ലാസ് രീതിയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ് ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ദല്‍ഹിയ്ക്ക് പുറമെ നാഷനല്‍ കാപ്പിറ്റല്‍ റീജിയണില്‍ ഉള്‍പ്പെടുന്ന ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 21 വരെ എല്ലാ സ്ഥാപനങ്ങളിലേയും മിനിമം 50 ശതമാനം സ്റ്റാഫിനെങ്കിലും വര്‍ക്ക് ഫ്രം ഹോം രീതി അനുവദിക്കണം എന്നാണ് നിര്‍ദേശം.

വായുമലിനീകരണത്തിന് കാരണം കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ക്ക് തീയിടുന്നതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഇതിനെ സുപ്രീംകോടതി തള്ളിയിരുന്നു. ആവശ്യമാണെങ്കില്‍ കേന്ദ്രത്തിന് ദല്‍ഹിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് പറഞ്ഞ കോടതി അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ദല്‍ഹിയിലെ പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാര്‍, നോയിഡ, ചാണക്യപുരി എന്നിവിടങ്ങളില്‍ മലിനീകരണ തോത് വളരെ രൂക്ഷമാണ്. നഗരത്തില്‍ നിര്‍മാണ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ദല്‍ഹി സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Schools and colleges to close in Delhi due to air pollution

We use cookies to give you the best possible experience. Learn more