ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ സ്‌കൂള്‍ ബസ്സില്‍ നിന്ന് കുട്ടികളെ സാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു.
ലഖ്‌നൗവില്‍ നിന്നും 196 കിലോമീറ്റര്‍ അകലെയുള്ള രാംനഗരിയിലാണ് സംഭവം. റെയില്‍വേ പാലത്തിന് താഴെയായി പോയ സ്‌കൂള്‍ ബസ്സാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. ബസ്സിന്റെ വിന്‍ഡോ ഗ്ലാസ് വരെ വെള്ളം കയറിയ നിലയിലായിരുന്നു.
9 ഓളം രക്ഷാപ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസ്സിന്റെ മുകളില്‍ കയറിയാണ് കുട്ടികളെ വിന്‍ഡോ ഗ്ലാസിലൂടെ പുറത്തെടുക്കുന്നത്. പേടിക്കേണ്ടെന്നും സമാധാനമായി ഇരിക്കണമെന്നും ബസ്സിന്റെ പുറത്ത് നിന്ന് ചിലര്‍ കുട്ടികളോട് പറയുന്നതും വീഡിയോയില്‍ കാണാം.
ചെറിയ കുട്ടികളെ വരെ ഇത്തരത്തില്‍ ഗ്ലാസ് വിന്‍ഡോയിലൂടെ പുറത്തെടുക്കുന്നുണ്ട്. ബസ്സിന്റെ ഇരുവശത്തുകൂടിയും കുട്ടികളെ രക്ഷപ്പെടുത്തുന്നുണ്ട്.
പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം; സ്ത്രീകളുടെ വിഷയമായതുകൊണ്ട് ശക്തമായ നടപടിയുണ്ടാകുമെന്ന് വി.എസ്
കുട്ടികള്‍ കയറിയ ബസ്സ് വെള്ളക്കെട്ടില്‍പ്പെട്ടുപോയെന്ന് വിവരം ലഭിച്ച ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അവിടേക്ക് അയക്കുകയായിരുന്നുവെന്നാണ് യു.പി പൊലീസ് ട്വീറ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.
അതേസമയം ഇത്രയും വെള്ളമുള്ള സ്ഥലത്ത് എങ്ങനെ ബസ്സ് എത്തി എന്ന് വ്യക്തമല്ല. ഇത്രയും ഉയരത്തില്‍ വെള്ളം കണ്ടിട്ടും എന്തുകൊണ്ടാണ് ബസ്സ് അത് വഴി ഓടിക്കാന്‍ ഡ്രൈവര്‍ തയ്യാറായതെന്ന് അറിയില്ല.
അതേസമയം ഇത്രയും ഉയരത്തില്‍ വെള്ളമുണ്ടാകുമെന്ന് അറിയാതെയാണ് ഡ്രൈവര്‍ ബസ്സ് മുന്നോട്ട് എടുത്തതെന്നും വെള്ളം കയറി തുടങ്ങിയതോടെ ബസ്സ് നിന്നുപോകുകയും വെള്ളം ഉയരുകയുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. യു.പിയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് മാസമായി കനത്ത മഴ തുടരുകയാണ്.