| Wednesday, 20th March 2024, 2:51 pm

മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സംഭവം; സ്‌കൂളിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കോയമ്പത്തൂരിലെ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് കോയമ്പത്തൂരില്‍ റോഡ് ഷോ നടന്നത്. സായ് ബാബ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

റോഡ് ഷോയില്‍ ഹനുമാന്റെ വസ്ത്രങ്ങളും യൂണിഫോമും ധരിച്ച് 50-ാളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയില്‍ സായ് ബാബ കോളനി പൊലീസ് കേസെടുത്തത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75ാം വകുപ്പ് പ്രാരം സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തില്‍ ഉത്തരവാദിത്തമുള്ള സ്‌കൂള്‍ അധികൃതര്‍ മനപ്പൂര്‍വ്വം അതില്‍ വീഴ്ച വരുത്തിയെന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നുമാണ് കേസ്.

ഇത് പ്രകാരം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വകുപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിച്ച അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കഴിഞ്ഞ ദിവസം ഡി.ഇ.ഒ ഉത്തരവിട്ടിരുന്നു.

സ്‌കൂള്‍ യൂണിഫോം ധരിച്ചും ഹനുമാന്റെ വസ്ത്രങ്ങള്‍ ധരിച്ചും വിദ്യാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുത്തതില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടതായി ഡി.ഇ.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Content Highlight: Schoolchildren at PM Modi’s Coimbatore road show; FIR registered

We use cookies to give you the best possible experience. Learn more