ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ശൗചാലയങ്ങളിലെ ദുരവസ്ഥ പരിഹരിക്കാന്‍ പിരീഡ് ലീവ് ക്യാംപയിനുമായി സംസ്ഥാനത്തെ അധ്യാപികമാര്‍. മാസം മൂന്ന് ദിവസത്തെ പിരീഡ്‌സ് അവധി വേണമെന്നാണ് അധ്യാപികമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയായ ഉത്തര്‍പ്രദേശ് മഹിളാ ശിക്ഷക് സംഘ് ആണ് ക്യാംപയിന് തുടക്കമിട്ടത്. അധ്യാപികമാര്‍ സംസ്ഥാനത്തെ മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് ആവശ്യം അറിയിച്ചു.
നിരവധി സ്‌കൂളുകളില്‍ അധ്യാപികമാര്‍ വിദ്യാര്‍ത്ഥിനികള്‍ പോകുന്ന ശുചിമുറിയിലാണ് പോകുന്നതെന്നും വൃത്തിയില്ലായ്മ കാരണം പലപ്പോഴും രോഗം വരുന്ന അവസ്ഥയിലെത്തുന്നുണ്ടെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് സുലോചന മൗര്യ പറഞ്ഞത്.
‘പല സ്‌കൂളുകളിലും അധ്യാപകര്‍ 200 മുതല്‍ 400 വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് ശുചിമുറി പങ്കിടുന്നത്. ഒരു തരത്തിലുള്ള ശുചീകരണവും നടക്കുന്നില്ല. ശുചിമുറിയില്‍ പോകുന്നത് ഒഴിവാക്കാന്‍ പലരും വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. ഇത് പല അധ്യാപികമാര്‍ക്കും മൂത്രാശയ അണുബാധയുണ്ടാക്കുന്നു.
വൃത്തിഹീനമായ ശുചിമുറികള്‍ ഒഴിവാക്കുക അല്ലെങ്കില്‍ പറമ്പിലേക്ക് പോകുക എന്നതാണ് അവസ്ഥ. ആര്‍ത്തവ ദിവസങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ട്. ദൂരെ ഗ്രാമങ്ങളിലെ സ്‌കൂളുകളിലെത്താന്‍ 30-40 കിലോമീറ്റര്‍ ദൂരം വരെ പ്രതിദിനം സഞ്ചരിക്കുന്നവരുണ്ട്,’ സുലോചന മൗര്യ പറഞ്ഞു.
പ്രൈമറി സ്‌കൂളുകളിലെ 60-70 ശതമാനം വരെ വരുന്ന അധ്യാപകരും സ്ത്രീകളാണ്. പക്ഷെ അധ്യാപക അസോസിയേഷനുകളുടെ തലപ്പത്ത് പലപ്പോഴും പുരുഷന്മാരാണ്. അതിനാലാണ് പുതിയ സംഘടന രൂപീകരിച്ചതെന്നും സുലോചന പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ക്യാംപയിന്‍ തുടങ്ങിയതോടെ നിരവധി പുരുഷ അധ്യാപകരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും അധ്യാപികമാര്‍ പറഞ്ഞു.