| Wednesday, 13th November 2019, 1:57 pm

'പുസ്തകശേഖരം കണ്ട് വിസ്മയിച്ചിട്ടുണ്ട്; ആ സമയത്തെ ലോക ക്ലാസിക്കുകളിലൂടെ അവള്‍ കടന്നുപോകുന്നുണ്ടായിരുന്നു'; ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ അധ്യാപകന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി ഫാത്തിമയെ കുറിച്ചുള്ള അധ്യാപകന്റെ കുറിപ്പ് വൈറലാവുന്നു.

ഫാത്തിമ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകനായ എം. ഫൈസലാണ് സ്‌കൂളിലെ ഏറ്റവും മിടുക്കിയായ കുട്ടിയെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പെഴുതിയിരിക്കുന്നത്.

അധ്യാപകന്റെ കുറിപ്പ് വായിക്കാം

ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ഥി ഞാന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാത്തിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ആയിരുന്നു. ആ സമയത്തെ, ലോക ക്ലാസിക്കുകളിലൂടെ അവള്‍ കടന്നുപോകുന്നുണ്ട്.

ഈ വര്‍ഷം ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തില്‍ അവള്‍ക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങള്‍ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ ചില പുസ്തക വാര്‍ത്തകള്‍ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാന്‍ അവളെ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടു. ആ ഫോണ്‍ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാത്തിമയുടെ നമ്പര്‍ തന്നു. അങ്ങനെയാണ് ഞാന്‍ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്.

അവളുടെ കോഴ്‌സിന്റെ കരിക്കുലം വിശദാംശങ്ങള്‍, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങള്‍ തന്നു. സര്‍, ഇത് ആര്‍ക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകന്‍ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടര്‍ന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവള്‍ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.

ഫാത്തിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യാ കുറിപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകന്റെ വര്‍ഗീയമായ പകയെ പറ്റി ഫാത്തിമ സൂചിപ്പിച്ചിട്ടുണ്ടത്രെ. സുദര്‍ശന്‍ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണല്‍ അസസ്‌മെന്റ് നിലനില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.)

ഇന്ത്യയുടെ അത്യുന്നത നിലവാരമുള്ള ഐ.ഐ.ടിക്കകത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷവിത്തുകള്‍ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കള്‍ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാത്തിമയുടെ വാപ്പ ലത്തീഫിക്ക വര്‍ഗീയതയുടെ ഉള്ളടക്കം ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാത്തിമയുടെ വേര്‍പാട് ഞങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂര്‍ണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവില്‍ ഈ വേദനയില്‍ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളില്‍ രാവിലെ ഈ വിഷയത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാന്‍ ആവതും നോക്കി. അതിനിടയില്‍ ഈ ദുരന്തം വാര്‍ത്താമാധ്യമങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചു.

സൗഹൃദ വലയത്തിലുള്ള ഒന്നുരണ്ട് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവര്‍ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഫാത്തിമ നഷ്ടമായി. എന്നാല്‍ ഇനിയും നമ്മുടെ മക്കള്‍ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തില്‍, കരുത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടും. എന്നാല്‍ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകള്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കില്‍ ഏതുതരം രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു.

മതവര്‍ഗീയത വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാര്‍ക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടില്‍ ഫാത്തിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങള്‍ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നോട് ഒരു ദിവസം എന്റെ ഒരു സ്‌നേഹിത ചോദിച്ചു, ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു, ഉണ്ട്. ഇപ്പോള്‍ ആ ഭയം പല കാരണങ്ങളാല്‍ ഏറുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മികവിന്റെ ഏറ്റവും ഉല്‍കൃഷ്ടമാതൃകയായ ഐ.ഐ.ടിയുടെ കഥ ഇതാണെങ്കില്‍ നമ്മളിനി ആരില്‍ പ്രതീക്ഷ അര്‍പ്പിക്കണം?.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാന്‍ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ നമ്മള്‍ ഏത് ഭിഷഗ്വരനോടാണ് പറയുക?.

We use cookies to give you the best possible experience. Learn more