| Tuesday, 19th December 2017, 1:57 pm

ക്ലാസ് റൂമില്‍വെച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒറീസ്സയില്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന അധ്യാപകന്റെ നടപടി വിവദമാകുന്നു. ഒറീസ്സയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്‌കൂളിലെ അസിസ്റ്റന്റ് അധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്റയാണ് കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത്.

ക്ലാസ് റൂമില്‍വെച്ച് അര്‍ധനഗ്നനായ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള അധ്യാപകനാണ് രബീന്ദ്ര കുമാര്‍ ബെഹ്റ. രാത്രി ഹോസ്റ്റലില്‍ വെച്ചും അധ്യാപകനെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിതരാവാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിച്ചിരുന്നത്. ഇത്തരത്തില്‍ മൂന്ന് വീഡിയോകള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്നും ആരെങ്കിലും ഇതിന് തടസ്സം വരുത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒന്നു മുതല്‍ ഏഴാംക്ലാസ് വരെയുള്ള 165 കുട്ടികളാണ് ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ള ഈ സ്‌കൂളിലുള്ളത്. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപ സിന്ധു ബെഹ്റ പറഞ്ഞു.

We use cookies to give you the best possible experience. Learn more