| Friday, 26th November 2021, 5:23 pm

പോക്സോ കേസ് പ്രതിയായ അധ്യാപകന്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയില്‍, അറസ്റ്റിലാവുന്നത് മൂന്നാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വള്ളികുന്ന് സ്വദേശി അഷ്‌റഫിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനാണ് എല്‍.പി. വിഭാഗം അധ്യാപകനായ അഷ്റഫിനെ അറസ്റ്റ് ചെയതത്. അതേസമയം ഇത് മൂന്നാം തവണയാണ് പോക്‌സോ കേസില്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

2012-ല്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2012-ല്‍ പോക്സോ നിയമം ഇല്ലാത്തതിനാല്‍ ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ അഷറഫിനെ കോടതി കുറ്റവിമുക്തനാക്കി.

തുടര്‍ന്ന് 2018-ല്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അഷ്റഫിന് വീണ്ടും ജോലി ലഭിച്ചു. എന്നാല്‍ 2019-ല്‍ ഈ സ്‌കൂളിലും അധ്യാപകനെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുയര്‍ന്നു.

തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അഷ്‌റഫിനെതിരെ കേസടുത്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് വീണ്ടും സര്‍വീസില്‍ തിരികെ പ്രവേശനം ലഭിച്ചു. ഇതിനുപിന്നാലെയാണ് താനൂരിലെ സ്‌കൂളില്‍നിന്നും അഷ്‌റഫിനെതിര ലൈംഗികപീഡനപരാതി ഉയര്‍ന്നത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രതി വീണ്ടും എങ്ങനെ സര്‍വീസിലെത്തി എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം കരിപ്പൂരിലെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വീണ്ടും ഇയാള്‍ക്ക് സര്‍വീസില്‍ പ്രവേശനം ലഭിച്ചത്. മൂന്നാം തവണയും പോക്‌സോ കേസില്‍ പെട്ടതോടെയാണ് പഴയ കേസുകളും ഉയര്‍ന്ന് വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: school-teacher-arrested-in-pocso-case-in-malappuram

We use cookies to give you the best possible experience. Learn more